അഖിലിൻ്റെ ജീവിതം

ഒരു ദൈവ പൈതലിന് കഷ്ടത വരുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങൾ


ഒരു വിശ്വാസി ഭക്തിയോടെ ദൈവത്തെ ഭയപ്പെട്ട് ദൈവവചനം അനുസരിച്ച് ദൈവത്തെ പ്രസാദിപ്പിച്ച് ജീവിക്കുമ്പോൾ അങ്ങനെയുള്ളവരുടെ ജീവിതത്തിൽ കഷ്ടതകൾ ഉണ്ടാകും.
അല്ലാതെ മറ്റുള്ള വരെ ഉപദ്ര'വിച്ചും, ദ്രോഹിച്ചും, വഞ്ചിച്ചും ഒക്കെ ജീവിക്കുമ്പോൾ മനുഷ്യരുടെ ജീവിതത്തിൽ കഷ്ടതകൾ വന്നേക്കാം. അങ്ങനെയുള്ള ഒരു കഷ്ടതയെപ്പറ്റിയല്ല ഇവിടെ പറയുന്നത്.
ഒരു വീണ്ടും ജനനം പ്രാപിച്ച് വിശുദ്ധിയോടെ ജീവിക്കുമ്പോൾ അവരുടെ ജീവിതത്തിൽ ചിലപ്പോൾ രോഗങ്ങളായോ, സാമ്പത്തിക ബുദ്ധിമുട്ടുകളായോ,ബിസിനസ്സ് പ്രശനങ്ങളായോ, തലമുറകളുടെ പ്രശ്നങ്ങളായോ ,സഭയുടെ പ്രശ്നങ്ങളായോ അങ്ങനെ പല രീതിയിൽ വെളിപ്പെടാം. അതുപോലെ നമ്മൾ ജോലി എടുക്കുന്ന മേഖലകളിലോ ,വിദ്യാഭ്യാസ മേഖലകളിലോ, കൃഷി മേഖലകളിലോ അങ്ങനെ എവിടെയായാലും പ്രതിസന്ധികളായോ പ്രശ്നങ്ങളായോ വെളിപ്പെടാം. ഇങ്ങനെ പല വിധമായ കഷ്ടങ്ങൾ ഒരു ദൈവ പൈതലിൻ്റെ ജീവിതത്തിൽ ദൈവം അനുവദിക്കുന്നതാണ്. കഷ്ടങ്ങൾ ഇല്ലാതെ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴിയുന്നതല്ല.


വീണ്ടും ജനനം പ്രാപിച്ച ഒരു ദൈവ പൈതലിന് കഷ്ടങ്ങൾ എന്തിനാണ് ദൈവം അനുവദിക്കുന്നത്


വീണ്ടും ജനനം പ്രാപിച്ച ഒരു ദൈവ പൈതൽ കഷ്ടതയിലൂടെ കടന്നുപോകുമ്പോൾ അവരുടെ ഹൃദയം ഉല്ലസിച്ച് ആനന്ദിച്ച് പോഷിപ്പിക്കപ്പെട്ട് പോകാതെ വേദനയോടും ദു:ഖത്തോടും അനുതാപത്തോടുo കൂടെ ദൈവത്തോട് അടുത്തു നിൽക്കും. അതു കൊണ്ടാണ് തകർന്നും നൂറുങ്ങിയും ഇരിക്കുന്ന ഹൃദയം യഹോവ യ്ക്ക് പ്രസാദം എന്നു പറഞ്ഞത്. അതുപോലെ തന്നെ ദൈവത്തിൻ്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സ് എന്നു പറഞ്ഞത്.(സങ്കീർത്തനം 51:17)
ഒരു കഷ്ടതയും ഇല്ലാതെ ഉല്ലസിച്ച് ആനന്ദിക്കുന്ന ഹൃദയത്തെ ദൈവം സ്വീകരിക്കും എന്നോ അത് ദൈവത്തിന് പ്രസാദമാണെന്നോ ഒന്നും പറഞ്ഞിട്ടില്ല. അതിൻ്റെ അർത്ഥം നാം എല്ലായ്പ്പോഴും കരഞ്ഞ് ദുഃഖിച്ച് നടക്കുവാനല്ല.മറിച്ച് ഏത് കഷ്ടത്തിൻ്റെ നടുവിലും പ്രത്യാശ കൈവിടാതെ രക്ഷയുടെ സന്തോഷം ധരിച്ച് ദൈവിക സന്തോഷത്തിലും ,സമാധാനത്തിലും സന്തോഷിച്ച് ജീവിക്കുവാനാണ് കർത്താവ് നമ്മെക്കുറിച്ച് ആ ഗ്രഹിക്കുന്നത്.

1. കഷ്ടം അനുഭവിപ്പാനുള്ള മനസ്സ് അല്ലെങ്കിൽ ഭാവം നമുക്ക് ഉണ്ടായിരിക്കണം.

   1 പത്രോസ് 4:1.    ക്രിസ്തു ജഡത്തിൽ കഷ്ടം അനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നെ ആയുധമായി ധരിപ്പിൻ .

കഷ്ടം അനുഭവിപ്പാനുള്ള ആ മനസ്സ് അല്ലെങ്കിൽ ആ ഭാവം തന്നെ ശത്രു വിന് എതിരെയുള്ള ആയുധമാണെന്ന് വചനം പറയുന്നു. കഷ്ടത വരുമ്പോൾ അത് സമചിത്തതയോടെ മറികടക്കുവാനുള്ള ഭാവം പിശാചിൻ്റെ തന്ത്രങ്ങൾ ക്ക് എതിരെയുള്ള ആയുധമാണെന്ന് നാം തിരിച്ചറിയണം.

2. നന്മ ചെയ്തിട്ടു കഷ്ടം സഹിക്കണം

1 പത്രോസ് 3:17        നിങ്ങൾ കഷ്ടം സഹിക്കേണം എന്ന് ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടല്ല നന്മ ചെയ്തിട്ട് സഹിക്കുന്നത് ഏറ്റവും നന്ന്.

നമ്മൾ തിന്മ ചെയ്തിട്ടോ ദൈവ ഹിതമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടോ കഷ്ടം വന്നാൽ അത് ദൈവികം അല്ല. അതിന് നമുക്ക് സ്വർഗ്ഗത്തിൽ ഒരു പ്രതിഫലവുമില്ല.മറിച്ച് നമ്മൾ നന്മ ചെയ്തിട്ടും ദൈവഹിതപ്രകാരം ജീവിച്ചിട്ടും കഷ്ടം അനുഭവിക്കുകയാണെങ്കിൽ അത് ദൈവികമാണ്. അത് ദൈവത്തിൻ്റെ ഹിതമാണ്. അതിന് നമുക്ക് സ്വർഗ്ഗത്തിൽ പ്രതിഫലം ഉണ്ട്. 1 പത്രോസ് 2:20-23 വരെയുള്ള വാക്യങ്ങളിൽ പറയുന്നു നിങ്ങൾ കുറ്റം ചെയ്തിട്ട് അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളൂ.


അല്ല നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിനു പ്രസാദം. ഇതിൽ നിന്നും നാം മനസിലാക്കേണ്ടത് നന്മ ചെയ്തിട്ടു കഷ്ടം സഹിക്കുന്നത് ദൈവഹിതമാണെന്നും അതിനു വേണ്ടിയാണ് നമ്മെ വിളിച്ചിരിക്കുന്നത്.


പകരത്തിനു പകരം പറയാതെ അനുസരണത്തോടെ യേശുക്രിസ്തു ജീവിച്ച് മാതൃക കാണിച്ചു തന്നു. ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കവാനും, അവരെ സഹായിക്കുവാനും, പ്രതികാരം ദൈവത്തിനുള്ളതാണെന്നും, സ്വയം പ്രതികാരം ചെയ്യരുതെന്നും ഇങ്ങനെ പലതും കർത്താവ് നമ്മെ പഠിപ്പിച്ചു.


3. അനേക കഷ്ടങ്ങളിൽ കൂടി കടന്നു ദൈവരാജ്യത്തിൽ കടക്കണം. 

അപ്പോ പ്രവൃത്തികൾ 14:22.         വിശ്വാസത്തിൽ നിലനിൽക്കേണം എന്നും നാം അനേക കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നു പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സ് ഉറപ്പിച്ചു പോന്നു.


4.ക്രിസ്തുവിൻ്റെ കഷ്ടങ്ങൾക്ക് പങ്കുള്ളവരാകുംതോറും സന്തോഷിച്ചുകൊൾവിൻ.

     1പത്രോസ് 4:13.     ക്രിസ്തുവിൻ്റെ കഷ്ടങ്ങൾക്ക് പങ്കുള്ളവരാകുംതോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവൻ്റെ തേജസ്സിൻ്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും.
കർത്താവ് തേജസ്സിൽ പ്രത്യക്ഷനാകുമ്പോൾ നാം എടുക്കപ്പെടണമെങ്കിൽ ക്രിസ്തുവിൻ്റെ കഷ്ടങ്ങൾക്ക് പങ്കാളികൾ ആകണമെന്ന് തിരുവചനം പറയുന്നു.

*എന്താന്ന് ക്രിസ്തുവിൻ്റെ കഷടങ്ങൾ?*

ക്രിസ്തു നിന്ദസഹിച്ചു, പരിഹസിക്കപ്പെട്ടു, ചിത്തഭ്രമം ഉണ്ടെന്ന് കേൾക്കേണ്ടി വന്നു. ഭൂതങ്ങളെ കൊണ്ടാണ് ശ്രുശൂഷ ചെയ്യുന്നതെന്ന് കേൾക്കേണ്ടി വന്നു.വചനം പറയരുതെന്ന് വിലക്കി.വചനത്തിൻ്റെ ആഴത്തിലേക്ക് പറഞ്ഞു വന്നപ്പോൾ പല ശിഷ്യന്മാരും ക്രിസ്തുവിനെ വിട്ടു പോയി. ലോകം യേശു കർത്താവിനെ പകച്ചു.അങ്ങനെ അങ്ങനെ ക്രൂശീകരണത്തിനു മുൻപു തന്നെ കർത്താവ് അനുഭവിച്ച കഷ്ടങ്ങൾ വളരെയാണ്.ഈ വിധമായ കഷ്ടങ്ങൾക്ക് നമ്മൾ പങ്കാളികളാകുന്നുണ്ടെങ്കിൽ സന്തോഷിക്കുക.1 തിമൊഥെയൊസ് 3:12 ൽ പറയുന്നു ക്രിസ്തുയേശുവിൽ ഭകതിയോടെ ജീവിക്കാൻ മനസ്സുള്ളവർക്കെല്ലാം ഉപദ്രവം ഉണ്ടാകും. ക്രിസ് യേശുവിൽ ഭകതിയോടെ ജീവിപ്പാൻ നാം ആഗ്രഹിച്ചാൽ പ്രീയ ദൈവമക്കളേ പല കഷ്ടങ്ങളും നമ്മുടെ ജീവിതത്തിൽ വന്നിരിക്കും. നമ്മുടെ ജീവിതത്തിൽ കഷ്ടങ്ങൾ ഒന്നും ഉണ്ടാകില്ല എന്നും അനുഗ്രഹങ്ങൾക്കും, നന്മകൾക്കും, മാത്രം മുൻ തൂക്കം കൊടുത്ത് ആരെങ്കിലും പഠിപ്പിച്ചാൽ വഞ്ചിക്കപ്പെടുകയാണ്.കാരണം വിശുദ്ധ ബൈബിൾ പറയുന്നു ഒരു യഥാർത്ഥ ദൈവ പൈതലിന് കഷ്ടവും, നിന്ദയും ,പരിഹാസവും, ദുഷിയും ഒക്കെ ഉണ്ടാകും.

5.കഷ്ടം അനുഭവിക്കുന്നത് ഒരു വരമാണ്.

ഫിലിപ്പിയർ 1:29.        ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവനു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു.
കഷ്ടം അനുഭവിപ്പാൻ ദൈവം നമുക്ക് വരം നൽകിയിരിക്കെ കഷ്ടം ഒന്നും ഇല്ല എന്നു പഠിപ്പിക്കുവാനോ, കഷ്ടം വേണ്ട എന്നു പറയുവാനോ, ചിന്തിക്കുവാനോ ഒരു യഥാർത്ഥ ദൈവ പൈതലിന് പാടില്ല.
കഷ്ടത്തിൻ്റെ സാഹചര്യങ്ങളിൽ ദൈവകൃപയിൽ ആശ്രയിച്ച് കർത്താവിനോട് പറ്റി ചേർന്നു നിന്നു കൊണ്ട് വചനത്തിൻ്റെ ശക്തിയാൽ പരിശുദ്ധാത്മാവിൻ്റെ സഹായത്താൽ നമുക്ക് പൊന്നുപോലെ പുറത്തു വരുവാൻ കഴിയും. ഇങ്ങനെ പല വിധമായ കഷ്ടങ്ങളിലൂടെ കടന്നവർക്കു മാത്രമേ ദൈവരാജ്യത്തിൽ കടക്കാൻ സാധിക്കുകയുള്ളു. സ്വർഗ്ഗത്തിൽ സിംഹാസനത്തിനും കുഞ്ഞാടിനും മുൻപിൽ നാം നിൽക്കണമെങ്കിൽ മഹാകഷ്ടത്തിലൂടെ കടന്നുപോയെങ്കിലേ പറ്റുകയുള്ളു.വെളിപ്പാട് 7:14.   നാം മഹാ കഷ്ടത്തിലൂടെ വിജയകരമായി കടന്ന് യേശുവിൻ്റെ രക്തത്താൽ
ശുദ്ധീകരണം പ്രാപിച്ച് പുറത്തു വരേണ്ടതാകുന്നു.
അതുകൊണ്ടാണ് കർത്താവ് ജീവിച്ചിരിക്കുമ്പോൾ നമ്മോടു പറഞ്ഞത് ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്. അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ (മത്തായി 7:14)


പ്രീയരേ നമ്മുടെ ജീവിതത്തിൽ പലവിധമായ വേദനകളിലൂടെയും,ശോദനകളിലൂടെയും കടത്തിവിടുന്നത് നമ്മൾ ക്രിസ്തുവിന് അധികമധികമായി പ്രയോജനപ്പെടുവാനാണ്. നമ്മെ ഏതു സമയം വിളിച്ചാലും അല്ല കർത്താവ് ഏതു സമയം വന്നാലും നാം ഒരുക്കമുള്ളവരായിരിക്കണം. അതിനായി നമ്മുടെ ഹൃദയത്തെ നാം ഒരുക്കണം .


പ്രീയ അഖിലിൻ്റെ ജീവിതത്തിൽ അവൻ്റെ ജനനം മുതലേശ്വാസം കിട്ടാതെ പലവിധമായ കഷ്ടതയിലൂടെ കടന്നു പോകേണ്ടി വന്നു. എന്നാൽ അവൻ്റെ ജീവിതത്തിൽ ജീവൻ പോകുന്ന നിമിഷം വരെയും അവൻ കർത്താവിനോട് ഒരു വാക്കു പോലും പരാതിപ്പെട്ടിരുന്നില്ല. അവൻ എപ്പോഴും പ്രാർത്ഥിച്ചിരുന്നത് കർത്താവിൻ്റെ കൃപയ്ക്കു വേണ്ടിയാണ്. അവൻ വളരെ ചെറിയ പ്രായത്തിൽ തന്നെ വചനത്തിൽ വളർന്നു വന്നതുകൊണ്ട് എപ്പോഴും സന്തോഷിക്കുന്ന അവസ്ഥയായിരുന്നു.  ഫിലിപ്പിയർ4:4ൽ പൗലോസ് അപ്പൊസ്തലൻ ഇപ്രകാരം പറയുന്നു കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ സന്തോഷിപ്പിൽ എന്ന് ഞാൻ പിന്നെയും പറയുന്നു.നമ്മുടെ ജീവിതത്തിൽ നാം നമ്മുടെ പുറത്തെ മനുഷ്യനെ അടിച്ചൊതുക്കണം.പുറത്തെ മനുഷ്യൻ്റെ ആഗ്രഹം എപ്പോഴും ഈ ലോകത്തോടായിരിക്കും. എന്നാൽ നാം ശ്രദ്ധയോടെ നമ്മുടെ അകത്തെ മനുഷ്യനെ ശക്തി കരിക്കണം.അത് വചന വായനയിലൂടെയും ,വചന ധ്യാനത്തിലൂടെയും ,പ്രാർത്ഥനയിലൂടെയും മാത്രമേ സാധിക്കുകയുള്ളൂ. പ്രീയ അഖിൽ കൂടുതൽ സമയവും ആത്മീയ കാര്യങ്ങൾക്കാണ് മുൻതൂക്കം കൊടുത്തിരുന്നത്.അവന് ഒരു ജോലി ഉണ്ടായിരുന്നു. അതിനിടയിലും കർത്താവിനു വേണ്ടി എന്തു ചെയ്യാം എന്ന് ചിന്തിക്കും. നമ്മുടെ ഹൃദയത്തിലെ ആഗ്രഹങ്ങളെ സാധിപ്പിക്കുന്ന കർത്താവ് അവന് അതിനുള്ള നല്ല ആലോചനകൾ പറഞ്ഞു കൊടുക്കും. അവൻ്റെ വിദ്യാഭ്യാസം കൊണ്ടല്ല അതെല്ലാം സാധിച്ചെടുത്തത്.ആ പൈതലിൻ്റെ ജീവിതം നമുക്കൊരു പ്രചോദനമാകട്ടെ.ദീർഘവർഷങ്ങളായി മരുന്നുകൾ ഒന്നുമില്ലാതെ വിശ്വാസത്തിലായിരുന്നു പൈതൽ ജീവിച്ചിരുന്നത്.നവംബർ മാസത്തിൽ സുഖമില്ലാതെയായി. ഹീമോഗ്ലോബിൻ്റെ അളവ് കൂടുകയും അത് ശരിയാകുകയും ചെയ്തു.ആശുപത്രിയിൽ നിന്ന് തിരിച്ചു വന്നു. എന്നാൽ കൊറോണ പിടിക്കാൻ ഇടയായി. ഡിസംബറിൽ വീണ്ടും അഡ്മിറ്റ് ആകേണ്ടി വന്നു. വെൻറിലേറ്റൽ ഐ സി യു വിൽ നിന്ന് അനേക ദൈവമക്കളുടെ ഉപവാസത്തിൻ്റെയും പ്രാർത്ഥനയുടെയും ഭലമായി വളരെ പെട്ടന്നു തന്നെ യേശു കർത്താവ് നെഗറ്റീവ് ആക്കുകയും ഞങ്ങൾ തിരിച്ച് വീട്ടിൽ എത്തുകയും ചെയ്തു.അന്ന് ഡോക്ടർ എല്ലാവരെയും അറിയിച്ചു കൊള്ളാൻ പറഞ്ഞതാണ്. എന്നാൽ നീതിയുള്ള കർത്താവ് അടിയങ്ങളോട് കരുണ ചെയ്തു. അവസാന സമയങ്ങളിലും അവൻ വളരെയധികം സന്തോഷവാനായിരുന്നു. എപ്പോഴും ആത്മീയ കാര്യങ്ങളായിരുന്നു സംസാരിച്ചിരുന്നത്. എല്ലാ സമയങ്ങളിലും അന്യഭാഷയിൽ ആരാധിക്കുമായിരുന്നു. എൻ്റെ അകത്തെ മനുഷ്യൻ ശക്തിപ്പെടുകയും പുറത്തെ മനുഷ്യൻ ക്ഷയിക്കുകയുമാണെന്ന് പറയുമായിരുന്നു.ഒരു ചെറിയ വേദന വരുമ്പോൾ പോലും അത് അപ്പോൾ തന്നെ മാറുന്ന അത്ഭുതകരമായ കാഴ്ച കാണാൻ കർത്താവ് കൃപ തന്നു. ഞങ്ങൾ വിശുദ്ധ ബൈബിൾ വായിച്ച് കേൾപ്പിക്കുമായിരുന്നു.എല്ലാ സമയങ്ങളിലും (പകൽ ,രാത്രി) ഉറക്കെ ഞങ്ങൾ പാട്ടു പാടുമായിരുന്നു.പ്രത്യാശാ ഗാനങ്ങൾ പാടുന്നതായിരുന്നു എപ്പോഴും ഇഷ്ടം .2021 May 3 ന് രാവിലെ തന്നെ എഴുനേൽക്കാൻ പ്രയാസം തോന്നി. ഉച്ചകഴിഞ്ഞ സമയം എന്നോടു പറഞ്ഞു "മമ്മി ഇവിടെയുള്ള ജീവിതം കഴിഞ്ഞു. പോകാറായി. എൻ്റെ കർത്താവ് ജീവിക്കുന്നതു കൊണ്ട് ഞാനും ജീവിക്കും.Yes എൻ്റെ കർത്താവ് ജീവിക്കുന്നതു കൊണ്ട് ഞാനും ജീവിക്കും" വീണ്ടും ഞങ്ങൾ പ്രാർത്ഥനയിൽ തന്നെ ആയിരുന്നു. വൈകുന്നേരം എല്ലാവരും കൂടി ഇരുന്ന് പ്രാർത്ഥിക്കാൻ തുടങ്ങി. 9.30 ന് പ്രാർത്ഥന നിർത്തി. പപ്പാ എൻ്റെ കൂടെ കിടക്കാൻ പറഞ്ഞു. ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു വിശ്വാസക്കണ്ണാൽ ഞാൻ നോക്കിടുമ്പോൾ .ആ പാട്ട് പാടാൻ പറഞ്ഞു. അവനെ കെട്ടിപ്പിടിച്ച് കിടന്ന് പപ്പ ആ പാട്ട് പാടി കൊണ്ടിരുന്നു.പപ്പാ ഞാൻ പോകുവാ എന്നു പറഞ്ഞു. ദൂതന്മാർ അവനെ കൊണ്ടുപോയി.


പ്രീയരേ ഒരു ഭക്തൻ്റെ മരണം ഇത്ര അനുഗ്രഹിക്കപ്പെട്ടതാണെങ്കിൽ വീണ്ടും ജനനം പ്രാപിച്ച ദൈവമക്കളേ നമ്മൾ എത്ര ഭാഗ്യവാന്മാരാണ്.ഒരു യോഗ്യതയും ഇല്ലാതെ കുഴഞ്ഞ ചേറ്റിൽ കിടന്ന നമ്മളെകർത്താവ് ലോക സ്ഥാപനത്തിനു മുമ്പേ കണ്ടു.അമ്മയുടെ ഉദരത്തിൽ ഉരു വാകുന്നതിനു മുമ്പേ വിളിച്ചു വേർതിരിച്ചു. സ്വർഗ്ഗരാജ്യം നമുക്ക് തരുവാൻ വേണ്ടി നമ്മുടെ കർത്താവ് കാൽവറി ക്രൂശിൽ യാഗമായി മാറി.

ഇതു വായിക്കുന്ന ആരെങ്കിലും കർത്താവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചിട്ടില്ല എങ്കിൽ പ്രിയരെ ദൈവം ആണെന്നും പെണ്ണെന്നും രണ്ട് ജാതിയെ ഉണ്ടാക്കിയിട്ടുള്ളൂ .
മനുഷ്യരാണ് ഇന്നു കാണുന്നതെല്ലാം ഉണ്ടാക്കിയത്. ന്യായപ്രമാണത്തിനു കഴിയാത്തത് ദൈവം തൻ്റെ സ്വന്ത പുത്രനെ ലോകത്തിലേക്ക് അയച്ചത് മാനവരാശിയുടെ മുഴുവൻ ഉദ്ധ്യാരണത്തിനു വേണ്ടിയാണ്. താങ്കൾക്കും വേണ്ടി കൂടിയാണ് യേശു കർത്താവ് കാൽവറി ക്രൂശിൽ യാഗമായി മാറിയത്. അത് താങ്കൾ ഹൃദയം കൊണ്ട് വിശ്വസിക്കുകയും വായ് കൊണ്ട് ഏറ്റുപറയുകയും വേണം. ഒരു ദൈവദാസൻ്റെ കൈക്കീഴിൽ വചനം പഠിച്ച് വിശ്വാസ സ്നാനം സ്വീകരിക്കണം. തുടർന്ന് വചനംപഠിച്ചു കൊണ്ടേയിരിക്കണം.വിശുദ്ധി, വേർപാട്, വർജ്ജനം ഇവ ആചരിച്ച് ജീവിക്കണം. കറ ,വാട്ടം, മാലിന്യം ഒന്നും ഇല്ലാത്ത നിർമ്മല കന്യകയെ ചേർക്കാനാണ് കർത്താവ് മദ്ധ്യാകാശത്തിൽ വരുന്നത്.കാഹളം ധ്വനിക്കും. വിശുദ്ധിയോടെ ജീവിച്ചു മരിച്ച ഭകതർ ആദ്യം ഉയർക്കുകയും പിന്നെ ജീവനോടെ ശേഷിക്കുന്ന നാം രൂപാന്തരം പ്രാപിക്കുകയും ചെയ്യും. പിന്നെ നാം ക്രിസ്തുവിനോടു കൂടെ കോടാനുകോടി യുഗം വാഴും. ഇതാണ് പ്രീയരെ ഒരു ദൈവ പൈതലിൻ്റെ പ്രത്യാശ.കൃപാ യുഗത്തിൻ്റെ അവസാനത്തിലാണ് നമ്മൾ ജീവിക്കുന്നത്. നമുക്ക് ഒരുങ്ങിയിരിക്കാം. നമ്മുടെ കർത്താവ് വരാറായി.


ഇതിലുള്ള സകല മഹത്വവും കർത്താവിന് അർപ്പിക്കുന്നു. എളിയവളെ താഴ്ത്തി സമർപ്പിക്കുന്നു. ആമേൻ കർത്താവേ വേഗം വരേണമ

  
                 ആനി ചാക്കോ
            (അഖിലിൻ്റെ അമ്മ)