സുവിശേഷം കച്ചവട ചരക്കോ...?

Advertising:

 സുവിശേഷം എന്നാൽ നല്ല വാർത്ത എന്നാണ് അർത്ഥം .  മൂല ഭാഷയായ ഗ്രീക്കിൽ എവാങ്ഗെലിയൊൻ എന്ന പദമാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത് . അത് ഒരു വ്യക്തിയാണ് . അഥവാ അത് ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു . യേശു ക്രിസ്തുവാണ് ആ വ്യക്തി .



പൗലോസ് ശ്ലീഹാ സുവിശേഷത്തെ ഇപ്രകാരം നിർവ്വചിച്ച് വിശദീകരിച്ചു .

"ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക.


അതു ആകുന്നു എന്റെ സുവിശേഷം. 


അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്‌പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങലധരിച്ചു കഷ്ടം സഹിക്കുന്നു; " 

( 2 തീമോ 2 : 8 ,9 ) 


       ശ്രദ്ധിക്കുക സുവിശേഷം എന്നാൽ അത് ക്രിസ്തുവാണ് . മാനവ കുലത്തിന്റെ പാപ പരിഹാര ബലിയാണ് അതിലെ കേന്ദ്രീകൃത വിഷയം .


       സുവിശേഷം ഒരു കല അല്ല . സുവിശേഷ പ്രസംഗം ഒരു കലാ സൃഷ്ടിയുമല്ല .  


       ചില വർഷങ്ങൾക്ക് മുൻപ് ഒരു പ്രമുഖ സിനിമാ താരത്തിന്റെ ഡാൻസ് പ്രോഗ്രാം സ്റ്റേജിൽ  നടന്നു വരവേ ഒരു ചെറുപ്പക്കാരൻ അത് വീഡിയോയിൽ പകർത്തുവാൻ ശ്രമിച്ചു . പെട്ടന്ന് ആ താരം ക്ഷുഭിതയായി പരസ്യമായി അതിനെ തടഞ്ഞു. അത് വലിയ മാധ്യമ വാർത്തയായി തീർന്നു . ഈ ഡാൻസർ ഇത് തടയുവാനുള്ള കാരണം  അത് അവരുടെ തനതായ - സ്വന്തമായ  കലാസൃഷ്ടിയാണ് എന്നതിനാലും,  അതിന് മികച്ച കമ്പോള മൂല്ല്യം ഉണ്ട്  എന്നതിനാലുമാണ് .അത്  കാണണം എന്നുള്ളവർ പണം മുടക്കി നേരിട്ട് കണ്ട് ആസ്വദിക്കണം . 


         എന്നാൽ ദൈവ വചനം അത്തരം ഒരു കലാ സൃഷ്ടി അല്ല . അതിന്റെ ഉടമസ്ഥാവകാശം ദൈവത്തിനു മാത്രമാണ് . നാം സ്വർഗ്ഗീയന്റെ സ്ഥാനാപതി എന്ന നിലയിൽ സുവിശേഷം ജനത്തോട് അറിയിക്കുന്നു എന്ന് മാത്രം . പട്ടുമെത്ത പ്രതീക്ഷിച്ച് ആരും സുവിശേഷ വേലയ്ക്ക് ഇറങ്ങരുത് . ലോകം കണ്ട ഏറ്റം വലിയ സുവിശേഷകന്  സ്ഥാന ചിഹ്നമായി ലോകത്തിൽ ലഭിച്ചത് ചങ്ങലയായിരുന്നു എന്ന് ആരും ഒരിക്കലും മറക്കരുത് .  


         റോമൻ കാരാഗ്രഹത്തിൽ കിടന്നു കൊണ്ട് ആ സുവിശേഷകൻ  എഫെസോസിലെ വിശുദ്ധന്മാർക്ക് ഇപ്രകാരം എഴുതി .


    " ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമം പ്രാഗല്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായ് തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിനും ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗല്ഭ്യത്തോടെ സംസാരിക്കേണ്ടതിനും പ്രാർഥിപ്പിൻ. " 


( എഫെസ്യര്‍ 6:19‭-‬20 )


      സുവിശേഷ പോർക്കളത്തിലെ ധീര യോദ്ധാവായ പൗലോസ് ശ്ലീഹയുടെ തായി നമുക്ക് പതിനാലോളം ലേഖനങ്ങൾ ലഭിച്ചു . അതിൽ എവിടെ എങ്കിലും തന്റെ വയറിനെ പറ്റിയുള്ള ആകുലത നമുക്ക് കാണുവാൻ കഴിയുമോ ? ചങ്ങലയിലും, വചനത്തിന്റെ മർമ്മം പ്രാഗല്ഭ്യത്തോടെ പ്രസംഗിക്കാനുള്ള വ്യഗ്രതയായിരുന്നു തന്റെ ഉള്ളിൽ . 


     സുവിശേഷം  ഒരു തൊഴിൽ അല്ല  . ഒരു ഉപജീവന മാർഗ്ഗം അല്ല .  ഉപജീവന മാർഗ്ഗം എന്ന നിലയിൽ സുവിശേഷ വേലയ്ക്ക് ഇറങ്ങിയവരാണ് ഇടക്ക് കിട്ടുന്നത് അല്പം കുറഞ്ഞു പോയപ്പോൾ പിറു പിറുക്കുന്നത് . വയറിനെ പറ്റി ആകുലത കേറിയ രണ്ട് സുവിശേഷകർ തമ്മിൽ ഹൃദയ നൊമ്പരങ്ങൾ പങ്കുവച്ചതും - ഒടുവിൽ ആ സ്വകാര്യ സംഭാഷണങ്ങൾ പബ്ലിക് പ്ലാറ്റ് ഫോമിൽ എത്തി പരസ്യക്കോലമായി മാറിയതും  നമ്മിൽ പലർക്കും അറിവുള്ള താണല്ലോ . പറഞ്ഞ വരെയും അത് ചോർത്തിയ വരെയും പിന്നീട് ആ സംഭാഷണത്തിന്റെ പിതൃത്വം ഏറ്റെടുത്ത് ന്യായീകരി ച്ച വരെയും ഒരു പോലെ  ദൈവം അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞ് അത് വിടുന്നു .



    എന്നാൽ ആ സംഭാഷത്തിൽ ഉൾപ്പെട്ടവർ തന്നെ പൊതു വേദിയിൽ വന്ന് ന്യായീകരിച്ച സ്ഥിതിക്ക്   ആ സംഭാഷണം പൊതു ജനത്തിൽ  ഉയർത്തിയ ചില ചോദ്യങ്ങൾക്ക് മറുപടി നൽകുവാൻ ആഗ്രഹിക്കുന്നു .


     ( 1 ) സുവിശേഷം - കൃപാ വരങ്ങൾ ,  വിലയ്ക്ക് വില്ക്കപ്പെടേണ്ട താണോ ? 


ഉത്തരം : സുവിശേഷവും,  കൃപാ വരങ്ങളും കച്ചവട ചരക്കോ - ഒരു കലാ സൃഷ്ടിയോ - മുൻകൂട്ടി മൂല്ല്യം ഇട്ട്  വിലയ്ക്ക് വിൽക്കപ്പെടേണ്ടതോ  അല്ല . അതിന്  ദൈവം ആർക്കും ഒരിടത്തും അനുവാദം നൽകിയിട്ടും ഇല്ല .


തെളിവ് . 


യേശു ക്രിസ്തു വിന്റെ പ്രബോധനം ശ്രദ്ധിക്കുക 


         " രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ."


( മത്തായി 10 : 8 ) 


    പൗലോസ് ശ്ലീഹാ 1 കൊരിന്ത്യർ 12 , 13 , 14 അധ്യായങ്ങളിൽ പ്രവചന വരം ഉൾപ്പെടെ വിവിധ വരങ്ങൾ  ദൈവ ജനം വാഞ്ചിക്കണം എന്ന് വ്യക്തമായി പഠിപ്പിക്കുന്നു .  എന്നാൽ ഇത് എല്ലാം ദൈവ സഭയുടെ ആത്മീക വർദ്ധനവിനും - ആശ്വാസത്തിനും പ്രബോധനത്തിനും ആയിരിക്കണം എന്നു മാത്രം . ധനം ഉണ്ടാക്കുവാൻ വേണ്ടി സുവിശേഷ വേല ചെയ്യുവാനോ ആത്മിക വരങ്ങൾ കൈകാര്യം ചെയ്യുവാനോ ആർക്കും അധികാരം ഇല്ല എന്ന് അർത്ഥം . ധനം ആഗ്രഹിക്കുന്നവർ മേലനങ്ങി ജോലി ചെയ്യട്ടെ .


( 2 ) കൃപാ വരങ്ങൾ വില്പന ചരക്കാക്കി മാർക്കറ്റു ചെയ്യുവാൻ ശ്രമിക്കുന്നവർ അവതരിപ്പിക്കുന്ന യേശു ആര് ? അവർ പറയുന്ന സുവിശേഷം എന്ത് ?


അവർ പ്രസംഗിക്കുന്നത് ബൈബിൾ വെളിപ്പെടുത്തുന്ന - ബൈബിളിൽ വെളിപ്പെടുന്ന യേശു ക്രിസ്തുവിനെ  അല്ല . അവർ പറയുന്ന സുവിശേഷം ബൈബിൾ പറയുന്ന നിർമ്മല സുവിശേഷം അല്ല .


തെളിവ് .

"  ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ, നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നത് ആശ്ചര്യം. " 


( 2 കൊരിന്ത്യര്‍ 11:4‭-‬5 ) 


        സർപ്പം ഹവ്വയെ ഉപായത്താലാണ് ചതിച്ചത് . ഫലം കണ്ട് വൃക്ഷത്തെ തിരിച്ചറിയാം എന്നതു പോലെ ദൈവ ജനം തിരുവചനം എന്ന അളവു കോൽ ഉപയോഗിച്ച് മറ്റൊരു സുവി ശേഷത്തിന്റെ വക്താക്കളെ തിരിച്ചറിഞ്ഞിരിക്കണം . ശത്രു വെളിച്ചത്തിന്റെ വേഷത്തിലാണ് വരുന്നത് . പ്രവചനവും , രോഗ സൗഖ്യവും എല്ലാം അവരുടെ കൈവശം കാണും. യേശു എന്ന പേരു തന്നെ അവരും ഉപയോഗിക്കും . പക്ഷെ നമ്മുടെ നിത്യത അവർ നഷ്ടപ്പെടുത്തും .


   " ഇങ്ങനെയുള്ളവർ കള്ളഅപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അത് ആശ്ചര്യവുമല്ല; സാത്താൻതാനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്ക് ഒത്തതായിരിക്കും.


( 2 കൊരിന്ത്യര്‍ 11:13‭-‬15) 

സുവിശേഷത്തെ വില്പന ചരക്കാക്കുന്നവരുടെ ദൈവം വയറാണ് . 


       ശ്രദ്ധിക്കുക ;  

" അവരുടെ അവസാനം നാശം .അവരുടെ ദൈവം വയറ് "  ( ഫിലിപ്പിയർ 3 : 19 ) 


( 3 ) സുവിശേഷകൻമാർക്ക് സുവിശേഷത്താൽ ഉപജീവനം നടത്തുവാൻ ബൈബിൾ അനുവാദം നൽകുന്നുണ്ടോ ?


തീർച്ചയായും സുവിശേഷകൻമാർക്ക് സുവിശേഷത്താൽ ഉപജീവനം കഴിക്കാം . പക്ഷെ സുവിശേഷകർ സുവിശേഷത്താൽ മാത്രമേ ഉപ ജീവനം കഴിക്കാവൂ എന്ന് നിർബന്ധം ഇല്ല .പിറു പിറുക്കാതെ  മാന്യമായ ഏതു തൊഴിലും ചെയ്ത് ജീവിക്കാം . 

  

കൃത്യമായി പറഞ്ഞാൽ പിറുപിറുക്കാതെ ഇതു കൊണ്ട് ഉപജീവിക്കാം . സുവിശേഷത്തെ പക്ഷെ ഉപജീവന മാർഗ്ഗം ആക്കരുത് .


 അപ്പോസ്തോലൻ എഴുതുന്നു ;  


" ദൈവാലയകർമങ്ങൾ നടത്തുന്നവർ ദൈവാലയംകൊണ്ട് ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്യുന്നവർ യാഗപീഠത്തിലെ വഴിപാടുകളിൽ ഓഹരിക്കാർ ആകുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ?


 അതുപോലെ കർത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു. 


എങ്കിലും ഇതു ഒന്നും ഞാൻ പ്രയോഗിച്ചിട്ടില്ല  " 


( 1 കൊരിന്ത്യര്‍ 9:13‭-‬15 ) 


തെസ്സലോനിക്യ ലേഖനത്തിൽ പൗലോസ് ശ്ലീഹാ അത് വിശദീ കരിക്കുന്നു .


    " ഞങ്ങളെ അനുകരിക്കേണ്ടത് എങ്ങനെ എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ. 


ഞങ്ങൾ നിങ്ങളുടെ ഇടയിൽ ക്രമംകെട്ടു നടന്നിട്ടില്ല,


 ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല;


 നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുത് എന്നുവച്ചു ഞങ്ങൾ അധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേല ചെയ്തുപോന്നത് അധികാരമില്ലാഞ്ഞിട്ടല്ല, 


അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിനത്രേ.


( 2 തെസ്സലൊനീക്യര്‍ 3:7‭-‬9 ) 


( 4 ) സുവിശേഷകർക്ക് ഭൗതിക  ജോലി ചെയ്യുവാൻ ദൈവം അനുവാദം നൽകുന്നുണ്ടോ ?


ഉത്തരം : തീർച്ചയായും .ഉണ്ട്


( 5 ) ദൈവത്തിന് ആരുടെ എങ്കിലും പണം ആവശ്യമാണോ ?


സർവ്വതും ദൈവത്തിന്റെതാണ് . അത് കൈകാര്യം ചെയ്യുവാൻ ദൈവം നമുക്ക് അനുവാദം നൽകുന്നു എന്ന് മാത്രം . പുതിയ നിയമ സഭയിൽ ലേവി പൗരോഹിത്യത്തിന്റെ പിൻ തുടർച്ച ഇല്ല എന്നതിനാൽ ദശാംശം എന്ന അക്ഷരീക ഉപദേശത്തിന് സ്ഥാനം ഇല്ല . ദശാംശം വാങ്ങുവാൻ യോഗ്യരായ ശുശ്രൂഷകർ പുതിയ നിയമ സഭയിൽ ഇല്ല  . സുവിശേഷ വേലയ്ക്ക് പണം ധാരാളം ആവശ്യമാണ്. ദാരിദ്ര്യത്തിൽ കഴിയുന്ന സഹോദരങ്ങളെ - സഭകളെ  സഹായിക്കുവാൻ പണം ആവശ്യമാണ് .  പുതിയ നിയമ സഭയിലെ ധനശേഖരണങ്ങൾ എല്ലാം അതിനു വേണ്ടി ആയിരുന്നു . ( 2 കൊരിന്ത്യർ 8 , 9 അധ്യായങ്ങൾ വായിക്കുക )


ലോകം സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളിലൂടെ  കടന്നു പോകുന്നു . നമ്മുടെ സഹോദരങ്ങൾക്ക് പലർക്കും തൊഴിൽ നഷ്ടപ്പെട്ടു . പലരും മറ്റു പല തൊഴിലും തേടുന്നു . നമുക്ക് അവർക്കായി പ്രാർത്ഥിക്കാം ഒപ്പം അപ്പോസ് തോലിക മാതൃക പോലെ അവരെ കൂടി  നമുക്ക് കരുതാം . അവരുടെ ഭൗതിക ആവശ്യങ്ങൾക്കു കൂടി കൂട്ടായ്മ കാണിക്കാം . ഇത് ഒരു ഉപജീവന മാർഗ്ഗമായി കരുതാതെ പിറുപിറുക്കാതെ ഇന്നും ജനത്തിനു വേണ്ടി ജാഗരിക്കുന്ന - സാമ്പത്തിക ഞെരുക്കം ഉള്ള  സഭാ ശുശ്രൂഷകരെ ഓർക്കാം .


ഒപ്പം സുവിശേഷത്തെ കച്ചവട കണ്ണു കൊണ്ട് വീക്ഷിക്കുന്ന വരെ നമുക്ക് അകറ്റാം . മണിക്കൂറിന് തച്ചു കണക്കു പറയാത്ത എത്രയോ പാവപ്പെട്ട ദൈവീക  പരിജ്ഞാനം ഉള്ള കർതൃ ഭൃത്യൻ മാർ നമുക്കിടയിൽ ഉണ്ട് . നമ്മുടെ ഓൺ ലൈൻ മീറ്റിംഗുകളിൽ അവരെ ക്ഷണിക്കാം . ഇടയ്ക്ക് ആരോ  പറയുന്നതു കേട്ടു 

"  സൂം മീറ്റിംഗുകൾ വലിയ ചതിയായി പോയി എന്ന് "  അവരെ ചതിച്ചതാര് എന്ന് സ്വയം മനസിലാക്കി മാനസാന്തരപ്പെട്ട്  അവർ മനം തിരിയട്ടെ . ദൈവ ജനം ഈ നാളുകളിൽ ദൈവവചനത്തിലേക്കു മടങ്ങട്ടെ . നമ്മുടെ പ്രാണ പ്രിയൻ വരാൻ കാലം ഏറെ അടുത്തു നമുക്ക് ഒരുങ്ങാം ഉണരാം .


Advertising:

കടപ്പാട്:-ഇതിന്‍റെ ലേഖകന്‍ ആരെന്നു അറിയില്ല. എങ്കിലും എഴുതിയിരിക്കുന്ന കാര്യങ്ങളോട് യോജിക്കുന്നതു കൊണ്ട് ഇവിടെ പങ്കുവെയ്ക്കുന്നു.