ക്രൈസ്തവമിഷണറിമാര്‍

ഇന്ത്യയിലെ ദശലക്ഷകണക്കിനു മനുഷ്യരുടെ ജീവിതങ്ങളില്‍ ഗുണപരമായ പരിവര്‍ത്തനം സാദ്ധ്യമാക്കിയവരാണ് ക്രൈസ്തവമിഷണറിമാര്‍. വിദ്യാഭ്യാസം പ്രചരിപ്പിക്കാനും അടിമത്തം ഇല്ലാതാക്കാനും വനിതാവിമോചനപ്പോരാട്ടത്തിനും ജാതിവിവേചനവും അയിത്തവും ഉന്മൂലനം ചെയ്യാനും ഉള്ള തങ്ങളുടെ തീക്ഷ്ണത മൂലം അവര്‍ കേരളത്തിലെ നവീകരണ പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളികളായി മാറി. അന്ന് സമൂഹത്തിൽനിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ആദ്യമായി  പ്രതികരിച്ചതും മറ്റുള്ളവരെ പ്രതികരിക്കാൻ തയ്യാറാക്കിയതും അവർ തന്നെ.

ലണ്ടന്‍ മിഷണറി സൊസൈറ്റി, ബാസല്‍ ഇവാഞ്ജലിക്കല്‍ മിഷന്‍, ചര്‍ച്ച് മിഷന്‍ സൊസൈറ്റി തുടങ്ങിയ മിഷണറി സംഘടനകളാണ് കേരളത്തിലെ ആധുനിക വിദ്യാഭ്യാസ പ്രചാരണം ഉദ്ഘാടനം ചെയ്തത്. ലണ്ടന്‍ മിഷണറി സൊസൈറ്റിയുടെ പ്രവര്‍ത്തനമേഖല പ്രധാനമായും തിരുവിതാംകൂറിലായിരുന്നു. ചര്‍ച്ച് മിഷന്‍ സൊസൈറ്റി തിരുവിതാംകൂറിലും കൊച്ചിയിലും പ്രവര്‍ത്തിച്ചു. ബാസല്‍ ഇവാഞ്ജലിക്കല്‍ മിഷന്‍ മലബാറിലാണ് സജീവമായിരുന്നത്. അത് കൊണ്ട് തന്നെ കേരളം ആകെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ഈ സംഘടനകൾക്ക് സാധിച്ചു. കേരളത്തിൽ സവർണക്കായി ഒരു ഗുരുവിന്റെ കീഴിൽ വിദ്യാഭ്യാസം പരിമിതപ്പെടുത്തിയിരുന്ന കാലത്ത്, അവരുടെ സ്ത്രീകൾക്ക് പോലും വിദ്യാഭ്യാസത്തിന് അവകാശം ഇല്ലാതിരിക്കെ പെൺ കുട്ടികൾക്ക് മാത്രമായി പോലും അവർ സ്‌കൂളുകള സ്ഥാപിച്ച് വിദ്യാഭ്യാസത്തിന്റെ വാതയനങ്ങൾ തുറന്നിട്ടു.

സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കിടയില്‍ ക്രൈസ്തവ മിഷണറിമാര്‍ നടത്തിയ സേവനം അവര്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ നല്‍കി. ജാതിയധിഷ്ഠിതമായ സമൂഹത്തില്‍ തൊഴില്‍പരവും സാമൂഹികവുമായ കൂടുതല്‍ ചലനാത്മകത നല്‍കുന്നതിനു വിദ്യാഭ്യാസനയം സഹായകമായി. തൊഴിലവസരങ്ങളുണ്ടാക്കുന്ന പരിശീലനസ്ഥാപനങ്ങളും വായ്പാസംഘങ്ങളും പരസ്പരസഹായസംഘങ്ങളും ഇന്ത്യയിലെ പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ ജീവിതനിലവാരമുയര്‍ത്തുന്നതിനു സഹായകരമായി.

ഭര്‍ത്താവിന്‍റെ മൃതദേഹത്തോടൊപ്പം വിധവയെ ജീവനോടെ ദഹിപ്പിക്കുന്ന സതി,  തങ്ങള്‍ വിവാഹിതരായി എന്നു തിരിച്ചറിയുന്നതിനു മുമ്പു തന്നെ അനേകം പെണ്‍കുട്ടികള്‍ ബാലവിധവകളായി മാറിയ ബാലവിവാഹം, ദേവനു വിവാഹം ചെയ്തുവെന്ന പേരില്‍ പെണ്‍കുട്ടികളെ ദേവാലയത്തിനു സമര്‍പ്പിക്കുന്ന ദേവദാസി സമ്പ്രദായം, എന്നിവയ്ക്ക് എതിരെയും മിഷനറി മാർ പോരാടി.

വിദ്യാഭ്യാസ പ്രക്രിയയും വായനാശീലത്തിലൂടെയുണ്ടായ ആശയങ്ങളുടെ പ്രചാരണവും കേരളത്തിന്‍റെ പഴയ ആചാരങ്ങളെ ബലഹീനമാക്കുകയും വ്യക്തിമഹത്ത്വത്തിന്‍റെയും സാമൂഹ്യ മര്യാദകളുടെയും പുതിയ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. സ്ത്രീകളുള്‍പ്പെടെ പാര്‍ശ്വവത്കൃതരായ എല്ലാവരും സ്വാശ്രയരും ധീരരും തങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും പിടിച്ചെടുക്കാന്‍ അവബോധമുള്ളവരുമായി മാറി. നേതൃത്വം കൈവരിച്ച സ്ത്രീകള്‍ ക്രമത്തില്‍ രാഷ്ട്രീ യ നേതൃത്വത്തിലേയ്ക്കുയര്‍ന്നു. സ്വാതന്ത്ര്യസമരസേനാനികളായും തൊഴിലാളി യൂണിയന്‍ നേതാക്കളായും വിദ്യാസമ്പന്നരായും സാഹിത്യകാരികളായും വനിതാവ്യക്തിത്വങ്ങള്‍ തിരുവിതാംകൂറില്‍ ശ്രദ്ധ പിടിച്ചു പറ്റി. അക്കാമ്മ ചെറിയാന്‍, ആനി മസ്ക്രീന്‍, ലക്ഷ്മി എന്‍ മേനോന്‍, എലിസബെത്ത് കുരുവിള, റോസമ്മ പുന്നൂസ് തുടങ്ങി നിരവധി പേര്‍ ഈ ഗണത്തിലുണ്ട്.

ദളിതരും പിന്നാക്കക്കാരും അന്ന് ക്രിസ്തുമതത്തിൽ ചേർന്നത് അവര്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ ഉയര്‍ന്ന സ്ഥാനവും അന്തസ്സാര്‍ന്ന ജീവിതവും ലഭിക്കുമെന്നത് കൊണ്ടായിരുന്നു.

ജാതിയധിഷ്ഠിതമായ സമൂഹത്തില്‍ നിന്നുള്ള വിമോചനശക്തികളായി വിശേഷിച്ചും, സമൂഹത്തിലെ അധഃസ്ഥിത വര്‍ഗത്തിനു വേണ്ടി നിലകൊണ്ടവരാണ് ക്രിസ്ത്യന്‍ മിഷണറിമാര്‍. അയിത്ത ജാതിക്കാരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ശക്തവും ബോധപൂര്‍വകവുമായ പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവ മിഷണറിമാര്‍ നടത്തിയിട്ടുണ്ട്. സമൂഹത്തിൽ നിലനിന്നിരുന്ന അസമത്വങ്ങള്‍ക്കെതിരെ അവര്‍ പോരാടി. മിഷണറിമാര്‍ ജാതീയതയെ തകര്‍ക്കുകയും സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങളെയും ഘടനകളെയും മാനവീകരിക്കുകയും ചെയ്തു. വിഭാഗീയതയ്ക്കും തിരസ്കരണത്തിനും ചൂഷണത്തിനും എതിരെ മിഷന്‍ പ്രതിഷേധിച്ചു.

സര്‍ക്കാരില്‍ നിന്നു വാങ്ങിയതോ ആര്‍ജ്ജിച്ചതോ ആയ ഭൂമിയില്‍ അധഃകൃതരായ ആളുകളെ കര്‍ഷകരാക്കി മാറ്റുവാന്‍ മിഷണറിമാര്‍ പരിശ്രമിച്ചു. മിഷണറിമാരുടെ നേതൃത്വത്തില്‍ സ്ഥാപിതമായ വ്യവസായ സ്ഥാപനങ്ങളും 19-ാം നൂറ്റാണ്ടിലെ മിഷണറി പ്രവര്‍ത്തനങ്ങളുടെ ഒരു സവിശേഷതയായിരുന്നു. വ്യവസായപ്രവര്‍ത്തനങ്ങളില്‍ അവരേര്‍പ്പെടുത്തിയ വലിയ അളവിലുള്ള വികേന്ദ്രീകരണം ആളുകളെ സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്നതിനു ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ളതായിരുന്നു. ബാസല്‍ മി ഷന്‍റെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ 1882-ല്‍ ഒന്നിച്ചു ചേര്‍ത്ത് മിഷന്‍ ട്രേഡിംഗ് കമ്പനി രൂപീകരിച്ചു. ഇത് ഉയര്‍ന്ന മൂലധനനിക്ഷേപം സാദ്ധ്യമാക്കുന്നതിനും മലബാറില്‍ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനും സഹായിച്ചു.

ഡോ. ഇ ലീബെന്‍ ദാര്‍ഫര്‍ എന്ന മിഷണറി 1892-ല്‍ ആദ്യത്തെ മിഷന്‍ ആശുപത്രി കോഴിക്കോട് ആരംഭിച്ചു. 1903-ല്‍ കോഴിക്കോടി നടുത്ത് ചേവായൂരില്‍ ലെപ്രസോറിയം തുറന്നു. സമൂഹം തിരസ്കരിച്ചിരുന്ന ലെപ്രസി രോഗികള്‍ക്ക് അത് അഭയമായി. പിന്നീട് വയനാട് ജില്ലയിലുള്‍പ്പെടെ നിരവധി ഡിസ്പെന്‍സറികള്‍ ആരംഭിച്ചു. ആധുനിക വൈദ്യശാസ്ത്ര ചികിത്സ കൂടുതല്‍ ജനങ്ങള്‍ക്കു ലഭ്യമായത് ഇന്ത്യയില്‍ മിഷണറിമാര്‍ ഈ രംഗത്തേയ്ക്കു കടന്നു വന്നതോടെയാണ്. അയിത്ത ജാതിക്കാരെ തൊട്ടു പരിശോധിച്ചു ചികിത്സിക്കാന്‍ മിഷണറി ഡോക്ടര്‍മാര്‍ക്കു മടിയില്ലായിരുന്നു. തിരുവിതാംകൂറിൽ ആരോഗ്യ മേഖല മെച്ചപ്പെടുന്നതിൽ അന്നത്തെ കൊല്ലം ബിഷപ്പ് ആയിരുന്ന അഭിവന്ദ്യ ബെൻസിഗറിന്റെ പങ്ക് എന്നും ഓർക്കേണ്ടത് തന്നെയാണ്. സ്ത്രീകള്‍ക്കുള്ള ആശുപത്രികള്‍ ആരംഭിച്ചതാണ് മറ്റൊരു വിപ്ലവം.

പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സേവനം മിഷണറിമാരുടെ അജപാലനപ്രവര്‍ത്തനങ്ങളുടെ അവിഭാജ്യ ഭാഗമായിരുന്നു. തടവറയില്‍ അടക്കപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കു സഹായങ്ങള്‍ നല്‍കുക, ജയില്‍ മോചിതരാകുന്ന മുന്‍ കുറ്റവാളികളെ പുനരധിവസിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ ആദ്യമായി ആരംഭിച്ചത് മിഷണറിമാരാണ്. ദളിതരുടേയും ആദിവാസികളുടെയും ജീവിതത്തില്‍ നിരവധി ഗുണപരമായ പരിവര്‍ത്തനങ്ങള്‍ വരുത്താനും മിഷണറിമാര്‍ക്കു സാധിച്ചു. ചുരുക്കത്തിൽ മാറ്റങ്ങൾ വന്ന് ലോകത്തിന്റെ ശ്രദ്ധയിൽ പോലും എത്തിയ കേരളത്തിന്റെ സാമൂഹിക സ്ഥിതിയിൽ മിഷനറി മാർ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.


കടപ്പാട്:-ഇതിന്‍റെ ലേഖകന്‍ ആരെന്നു അറിയില്ല. എങ്കിലും എഴുതിയിരിക്കുന്ന കാര്യങ്ങളോട് യോജിക്കുന്നതു കൊണ്ട് ഇവിടെ പങ്കുവെയ്ക്കുന്നു.