ആരാധനയെ ദൃശ്യവൽക്കരിക്കുന്നവരെ ശ്രദ്ധിക്കുക...

Advertising:
അന്യാഗ്നി കത്തിക്കുന്നവരും, ആധുനിക  ആരാധന ദൃശ്യവൽക്കരിച്ച് മാലോകരെ അറിയിക്കുന്നവരും.

➢ മോശയുടെ കാലഘട്ടത്തിൽ യാഗപീഠത്തിങ്കൽ വെച്ച് വ്യവസ്ഥപ്രകാരം തീ കത്തിക്കാതെ മറ്റൊരു രീതിയിൽ തോന്നിയതു പോലെ തീ കത്തിച്ച വിരുതൻമാരാണ് കോരഹ്, ദാഥാൻ, അബീരാം.

ഇന്നത്തെ ആത്മീയ വേദികളിൽ അന്യാഗ്നി കത്തിക്കുന്നവർ കൂടി വരികയാണ്. സംഗീതോപകരണങ്ങൾ വായിക്കാനും, നല്ലനിലയിൽ പാട്ട് പാടാനും അറിയാം എന്നുള്ള കഴിവല്ല ആരാധനയ്ക്ക് നേതൃത്വം കൊടുക്കാനുള്ള  യോഗ്യത. മറിച്ച്, ദൈവകൃപയും പരിശുദ്ധാത്മ നിറവുമാണ് ആവശ്യം.

കഴിവ് പരിമിതമാണെങ്കിലും ദൈവകൃപയും ആത്മനിറവും ഉള്ള വ്യക്തിയാണോ അത് വേറിട്ട ഒരു അനുഭവമായിരിക്കും.
ജനങ്ങളെ ആത്മാവിലാക്കാൻ കൃത്രിമ അന്യഭാഷ പറയുന്നവരെയും, ഓളം ഉണ്ടാക്കി ചാടുന്നവരും ധാരാളമാണ്. ഇതൊക്കെ അന്യാഗ്നി കത്തിക്കലാണെന്ന് നാം തിരിച്ചറിയണം.
           
➢ സംഗീത ഉപകരണങ്ങളുടെ താളമേളങ്ങൾക്ക് അനുസൃതമായി നടത്തപ്പെടുന്ന ആരാധനയും, അതിൽ ജനങ്ങളുടെ ശ്രദ്ധാകേന്ദ്രം ദൈവത്തിൽ നിന്ന് മാറി മറ്റ് ഘടകങ്ങളാൽ നിയന്ത്രണ വിധേയപ്പടുന്നെങ്കിൽ ദൈവാത്മാവല്ല വ്യാപരിക്കപ്പെടുന്നതെന്ന് നിസ്സംശയം പറയാം.
 
അന്യാഗ്നി കത്തിച്ചവരുടെ അന്ത്യം വളരെ പരിതാപകരമായിരുന്നുവെന്ന് തിരുവെഴുത്ത് സാക്ഷ്യപ്പെടുത്തുന്നു.
Advertising:
 
ദൈവത്തെ ദൈവമെന്നോർത്ത് മഹത്വീകരിക്കുന്ന മഹനീയ അനുഭവം ആണ് ആരാധന.
 ഇവിടെ ആരാധ്യൻ ദൈവവും ആരാധിക്കുന്നവർ ദൈവമക്കളുമാണ്.

 സൃഷ്ടിതാവിന്റെ മുൻപിൽ  സൃഷ്ടിയുടെ നന്ദി പ്രകടനങ്ങളും, മനോഭാവവും ആണ് ആരാധന എന്നു പറയുന്നതാണ് അല്പം കൂടെ യുക്തം.

വ്യക്തിപരമായ ആരാധന, സമൂഹ ആരാധന എന്നിങ്ങനെ രണ്ട് തലങ്ങളായി പ്രധാനമായും ഇതിനെ കാണാൻ സാധിക്കും.
ഇവ ഒക്കെ പ്രത്യേകമായി, വ്യക്തിപരവും, സഭാപരവുമായ നിലകളിൽ നടത്തപ്പെടേണ്ടതാണ്. അങ്ങനെയുള്ള ആരാധനയായാലും, പ്രാർഥനയായാലും അത് അർഹിക്കും വിധത്തിലുള്ള രഹസ്യസ്വഭാവം സൂക്ഷിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ദൈവമക്കൾ ദൈവത്തെ ആരാധിക്കുന്നതും ദൈവത്തോട് പ്രാർഥിക്കുന്നതുമൊക്കെ മാലോകരെ ദൃശ്യാവിഷ്കാരം വഴി അറിയിക്കുന്നതിലൂടെ, അവിശ്വാസികളായ ആളുകൾക്ക് പരിഹസിക്കാനുളള വടി വെട്ടി കൊടുക്കുകയാണ് നമ്മൾ ചെയ്യുന്നത്.

"നീയോ പ്രാർഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു പ്രാർത്ഥിക്കാനാണ്" കർത്താവ് പറഞ്ഞത്. അതിന്റെ അർത്ഥം മലോകരെ കാണിക്കാനുളളതല്ലഇവയൊക്കെ എന്ന് കർത്താവ് വെളിപ്പെടുത്തുകയായിരുന്നു.

അങ്ങിനെയാകുമ്പോൾ ആരാധന, പ്രാർത്ഥന എന്നിവ ദൈവത്തോടുളള ഒരു ദൈവപൈതലിന്റെ നേരിട്ടുള്ള സംസർഗ്ഗത്തെ വെളിപ്പെടുത്തുമ്പോൾ അവയുടെ രഹസ്യസ്വഭാവം എപ്പോഴും സൂക്ഷിക്കുന്നതാണ് നല്ലതെന്ന് തിരുവചനം സൂചന നൽകുന്നു.

ഇന്നിപ്പോൾ ഒരുമാതിരിപ്പെട്ട എല്ലാ ആരാധനകളും സോഷ്യൽ മീഡിയ വഴി മാലോകരെ കാണിച്ചു കൊണ്ടിരിക്കുകയാണ്. ദൈവവമായുളള ബന്ധത്തിൽ നടത്തപ്പെടുന്ന ആരാധകരുടെ ഭാവപ്രകടനങ്ങളും,അതിൽ ഉളവാകുന്ന വേറിട്ട പ്രതികരണങ്ങളും അവിശ്വാസികളിൽ അവമതിപ്പ് ഉളവാക്കാനേ ഉപകരിക്കൂ എന്ന് നാം തിരിച്ചറിയണം.

അവിശ്വാസികളായ ആളുകളെ അന്യഭാഷയിൽ ദൈവമക്കൾ സംസാരിക്കുന്നത് കേൾപ്പിച്ചു കൊണ്ടിരിക്കുന്നത് അങ്ങേയറ്റം തെറ്റായ കാര്യം ആണ്.കൊരിന്ത്യ സഭയിൽ പൗലോസ് പറഞ്ഞ അന്യഭാഷാ ഉപയോഗം ഇവിടെ ചിന്തനീയമാണ്.

🎥ആരാധന ലൈവിലിടാൻ വേണ്ടി വീഡിയോ പിടിക്കുന്ന ആളുകൾ ആരാധനയെ ഒരു ചടങ്ങായി കാണുകയാണ്.  ദൈവസാന്നിദ്ധ്യമോ, ദൈവപ്രസാദമോ ഒന്നും പരിഗണനാവിധേയമല്ല. മാലോകരുടെ മുൻപിൽ പെർഫോമൻസ് കാഴ്ചവെയ്ക്കുന്നവരായി മാറുകയായതിനാൽ അതിനെ ആരാധന എന്ന് വിളിക്കാൻ കഴിയില്ല.

ഒരു "എന്‍റർറ്റൈയ്നിംഗ് പ്രോഗ്രാം" എന്ന് പറയാൻ കൊള്ളാം എന്നതല്ലാതെ, മറ്റൊന്നും പറയാൻ സാദ്ധ്യമല്ല.

നാം ദൈവംതമ്പുരാനെ ആരാധിക്കുമ്പോൾ അതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് സർവ്വത്ര ആളുകളെയും കാണിക്കുന്നതിന്റെ അനൗചിത്യം വായനക്കാർ വിലയിരുത്തട്ടെ.
                 
ലൈവിൽ ആരാധന കൊണ്ടുവരുമ്പോൾ, ക്യാമറയ്ക്കു മുൻപിൽ പോസിൽ ഹല്ലേലുയ്യാ പറയുന്നവരും പോസിൽ "കരമുയര്‍ത്തി പിടിച്ച് നില്‍ക്കുന്നവരെയും" കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. മറ്റൊന്ന്, വളര്‍ന്നു വരുന്ന പ്രായമുള്ള കുഞ്ഞുങ്ങളെ\യുവജനങ്ങള്‍ ഏകാഗ്രതയോടും, ദൈവഭയത്തിലുള്ള അനുസരണത്തോടും കണ്ണടച്ച് നിന്ന് ആരാധിക്കുകയും, പ്രാര്‍ത്ഥിക്കുകയും, ദൈവവചന സന്ദേശം ശ്രദ്ധയോടു കൂടെ കേട്ടിരിക്കുകയും ചെയ്യുന്നതിനു പകരം മൊബൈലും ഉയര്‍ത്തിപിടിച്ചു റെക്കോര്‍ഡ് അല്ലെങ്കില്‍ ലൈവ് ചെയ്യുവാന്‍ നിര്‍ത്തും. ഇതെല്ലാം സഹിച്ചു ഞരങ്ങിക്കൊണ്ടു നില്‍ക്കുന്ന സഭാവിശ്വാസികളുടെ അവസ്ഥ എത്ര പരിതാപകരം എന്നോര്‍ത്തു നോക്കൂ !

➢ ആരാധന എന്നാൽ എന്താണ് എന്ന് മനസ്സിലാക്കാത്തതു കൊണ്ടാണ് ഇത്തരത്തിലുള്ള അൽപ്പത്തരത്തിന് താൽപ്പര്യം കാണിക്കുന്നത്. പീന്നീട് ആ ലൈവ് കണ്ട് തൽപ്പര കക്ഷികൾ സ്വയപുളകിതരാകുമ്പോൾ ദൈവം അങ്ങനെയുള്ളവരെ നോക്കി ചിരിക്കുകയാണെന്ന കാര്യം മറക്കണ്ട.       
             
🗣 മാലോകരെ അറിയിക്കാനും കേൾപ്പിക്കാനും കർത്താവ് പറഞ്ഞത് സുവിശേഷം മാത്രമാണ്. അത് നടക്കട്ടെ. അല്ലാതെ നടത്തുന്ന കാര്യങ്ങൾ പ്രകടനങ്ങളും ചടങ്ങുകളുമായി തരം താഴുന്ന കാര്യം നാം വിസ്മരിക്കരുത്.

➢ ആരാധനയും പ്രാർത്ഥനയും ദൈവമക്കളെ സംബദ്ധിച്ചിടത്തോളം ആത്മീയാഭ്യന്തര കാര്യമാണ്. ആരാധന ദൈവത്തിന് സ്വയം അർപ്പിക്കപ്പെടുന്ന കാര്യവും കൂടിയാണ്.

അങ്ങിനെ പവിത്രവും വേറിട്ടതും, രഹസ്യ സ്വഭാവത്തിൽ നടത്തപ്പെടേണ്ടതുമായ ആരാധനാ യോഗങ്ങളെ  അവാർഡ് നിശപോലെയും, മ്യൂസിക് കൺസേർട്ട് പോലെയുമൊക്കെ ആക്കി സോഷ്യൽ മീഡിയ വഴി പോതുജന സമക്ഷം ആവിഷ്ക്കരിക്കപ്പെടുന്നതിനെ സത്യാരാധകർ നിരുത്സാഹപ്പെടുത്തപ്പെടേണ്ടതാണ്.
ഇനിയും നാം ഈ കൂത്തുകാഴ്ചകള്‍ക്ക് സാക്ഷിയായി നില്‍ക്കരുത് !

ഒരാഴ്ച മുമ്പെ തന്നെ, അതുമല്ലെങ്കില്‍ തലേന്ന് മുതല്‍ പ്രാര്‍ത്ഥിച്ചൊരുങ്ങി വിശുദ്ധാരാധനയ്ക്ക് പ്രതീക്ഷയോടും, പ്രത്യാശയോടും വരുന്ന ദൈവജനം ദൈവപ്രസാദമില്ലാത്ത ഈ നാടകക്കാഴ്ചകള്‍ കണ്ട് കബളിപ്പിക്കപ്പെടരുത്.
കടപ്പാട്:-ഇതിന്‍റെലേഖകന്‍ ആരെന്നു അറിയില്ല എങ്കിലും എഴുതിയിരിക്കുന്ന കാര്യങ്ങളോട് യോജിക്കുന്നതു കൊണ്ട് ഇവിടെ പങ്കുവെയ്ക്കുന്നു.
Advertising: