വേർപാട് പാലിക്കുന്നുണ്ടോ വിശ്വാസിയെ


Advertising:
വേർപാട് പഴയനിയമത്തിൽ :-
(സംഖ്യ.23:9, ആവ.14:1,2 ലേവ്യ. 11:44)
ഉല്പത്തിപ്പുസ്തകം ഒന്നാം അദ്ധ്യായം തന്നെ ഇരുളും വെളിച്ചവുമായുള്ള വേർപാടോടുകൂടി ആരംഭിച്ചു. വെളിപ്പാടുപുസ്തകം
രക്ഷിക്കപ്പെട്ടവനും രക്ഷിക്കപ്പെടാത്തവനും തമ്മിലുള്ള നിത്യവേർപാടോടുകൂടിയാണ് വേദപുസ്തകം അവസാനിപ്പിച്ചിരിക്കുന്നത്.
പഴയനിയമ വ്യക്തികളും സാദ്യശ്യങ്ങളും എല്ലാം വേർപാടിനെ വ്യക്തമാക്കുന്നു.
വിശുദ്ധനായ ദൈവത്തെ ആരാധിക്കുവാൻ വിളിക്കപ്പെട്ടവൻ
അശുദ്ധിയിൽ നിന്നും അശുദ്ധ സാഹചര്യങ്ങളിൽനിന്നും എല്ലാം വേർപെട്ടവനായിരിക്കണം എന്ന് ദൈവം പ്രത്യേകം നിഷ്കർഷിച്ചിരിക്കുന്നു.അബ്രഹാമിനെ ദൈവം ആരാധനയ്ക്കായി വിളിച്ചപ്പോൾ അവന്റെ
വീട്,നാട്,തൊഴില്, നാട്ടുകാർ, വീട്ടുകാർ ഇവരെയെല്ലാം വേർപെടുവാൻ ദൈവം ആജ്ഞാപിച്ചു. അബ്രഹാം അത് പ്രത്യക്ഷരം അനുസരിച്ചതിനാലാണ് ഭാവി അനുഗ്രഹങ്ങൾക്ക് എല്ലാം താൻ വിധേയനായത്.

യോസേഫിന്റെ ജീവിതവും വേർപാടിന് മകുടോദാഹരണമാണ്.പാപത്തിന്റെ ഏതെല്ലാം കെണികളാണ് സാത്താൻ തന്റെ മുമ്പിൽ വിരിച്ചത്. ദൈവാത്മാവുള്ള ഈ മനുഷ്യൻ അവിടെയൊന്നും തന്റെ വിശുദ്ധിയും വേർപാടും നഷ്ടമാക്കിയില്ല. തൻനിമിത്തം ദൈവം
അവനെ ഏറ്റം ഉയർത്തി.


മോശയുടെ ജീവിതത്തിൽ അവൻ പാപത്തിന്റെ താല്ക്കാലിക
സുഖങ്ങളെ വേർപെട്ട് ദൈവത്തോടും ദൈവജനങ്ങളോടും പറ്റി നിന്നു.
അങ്ങനെ അവൻ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റം വലിയ ജനനേതാവായി. ആരാധനയ്ക്കായി വിളിച്ച യിസ്രായേൽ മക്കൾ മിസ്രയേമിൽ
 നിന്നും വേർപെട്ടു പോകണമെന്ന് ദൈവം കല്പിച്ചു. തന്നെയല്ല
ദൈവമില്ലാത്ത ജാതികളുമായി ബന്ധം പുലർത്തുകയോ അവരുടെ
ദേവന്മാരെ സേവിക്കയോ അവരുടെ ആചാരനടപടികൾ അംഗീകരിക്കുകയോ പാടില്ലെന്ന് കർശനമായി കല്പിച്ചിരുന്നു.
തന്റെ കണ്ണുമായി നിയമം ചെയ്ത് ഇയ്യോബും,കളിക്കാരുടെ കൂട്ടത്തിൽ ഇരിക്കപോലും ചെയ്യാത്ത യിരെമ്യാവും, രാജഭോജനങ്ങളിലുംആരാധനയിലും
വേർപാട് പാലിച്ച് ദാനിയേലും തങ്ങളുടെ ജീവിതത്തിൽ ക്ലേശം സഹിക്കേണ്ടിവന്നിട്ടും വിശുദ്ധിക്കുവേണ്ടി നിലനിന്ന് വിജയം പ്രപിച്ചവരാണ്. ദൈവജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ വേർപാട് നഷ്ടപ്പെടുത്തുന്നതാണ് ''പിന്മാറ്റം'' എന്ന് വിചാരിക്കരുത്
വേർപാട് നഷ്ടപ്പെടുത്തിയ സന്ദർഭങ്ങളിലെല്ലാം ദൈവം തന്റെ
ശിക്ഷയുടെ കരം അവർക്കെതിരെ നീട്ടിയിട്ടുമുണ്ട്.


സഭയും വേർപാടും (എഫേ.1:4,5:26,27)
സഭ എന്നതിന്റെ ഗ്രീക്കുപദം "എക്ലീസിയ'' എന്നാ താണ്. എക്ലീസിയ എന്ന പദത്തിന്റെ അർത്ഥം 'വിളിച്ചു
വേർതിരിക്കപ്പെട്ടവരുടെ കൂട്ടം എന്നതാണ്. നാം ഈ അശുദ്ധലോകത്തിൽനിന്നും വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്  നമ്മെ ക്രിസ്തുവിനാൽ വേർതിരിക്കപ്പെട്ടവരാണ്. കർത്താവ് തന്നെത്താൻ
നമുക്കായി ഏല്പിച്ചുതന്നത് നാം വിശുദ്ധരായി നില്ക്കേണ്ടതിനാണ്.
എങ്ങനെ വേർപാടു പാലിക്കണമെന്നുള്ള മാറ്റമില്ലാത്ത ദൈവകല്പന
അനുസരിച്ചവരുടെ കൂട്ടമാണ് സഭ എന്ന് വിസ്മരിക്കരുത്.
1.യേശുക്രിസ്തു വേർപാട് ഉപദേശിച്ചു.
(യോഹ.17:14,19,10:36 എബ്രാ.10:10.പിതാവായ ദൈവം യേശു ക്രിസ്തുവിനെ ശുദ്ധീകരിച്ച് (വേർതിരിച്ച്) നമുക്കായി ഈ ലോകത്തിലേക്ക് അയച്ചത് നാം അവനായി വേർപെട്ടവരായിരിക്കാനാണ്.ഞാൻ ലൗകീകനല്ലാത്തതുപോലെ അവരും ലൗകീകരല്ലെന്ന് കർത്താവ് പറഞ്ഞിട്ടുണ്ട്.ലോകത്തിന്റെ എല്ലാ അയോഗ്യമായ രീതി മര്യാദകളിൽ നിന്നെല്ലാം ദൈവപൈതൽ വേർപെട്ടിരിക്കണം എന്ന് കർത്താവാഗ്രഹിക്കുന്നു.സത്യനമസ്കാരികൾ
പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കണമെന്ന് കർത്താവ് പറഞ്ഞതിന്റെ താല്പര്യം ദൈവപ്രസാദവില്ലാത്ത ആരാധന രീതികളിൽനിന്നും ദൈവമക്കൾ വേർപെട്ടിരിക്കണം എന്നാണ്.ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ നിറവാണ് അശുദ്ധിയിൽനിന്നും വേർപെട്ടു ജീവിക്കാൻ നമ്മെ തുണയ്ക്കുന്നത്.
2.'വേർപാട്' അപ്പൊസ്തലൻമാർ പഠിപ്പിച്ചു.
വേർപാട് എന്നത് അപ്പൊസ്തലന്മാരുടെ ഉപദേശവിഷയങ്ങളിൽ അതിപ്രധാനമായിരുന്നു. പൗലോസ്,പത്രോസ്,യോഹന്നാൻ,യൂദാ എന്നിവരുടെ ലേഖനങ്ങൾ അതിന് ധാരാളം തെളിവുകൾ നല്കുന്നു.വേർപാടിനെ (വിശുദ്ധിയെ) പ്രതിപാദിക്കുന്ന ഏതാനും വാക്യങ്ങൾ താഴെ ചേർക്കുന്നു.
(എഫേ.4:31,1 പത്രോ 1:2,1 പത്രോ 2:9,വെളി 22:11,1  തെസ്സ 3:13,യൂദ 24, എബ്രാ 12:14)


വേർപാട് പാലിക്കേണ്ട വിഷയങ്ങൾ

1)ലൗകിക വിഷയങ്ങളിൽനിന്നും അവിശ്വാസികളിൽനിന്നും ദൈവപൈതൽ വേർപാട് പാലിക്കേണ്ടതാണ്. കളികൾ,നൃത്തം,സിനിമ ആദിയായവയും,ജഡമോഹം, കാൺമോഹം, ഇവയും ലോകത്തിൽനിന്നുള്ളവയാണ്. വിശ്വാസി ലോകത്തിനു സ്വയം
ക്രൂശിക്കപ്പെട്ടവനാണ്.നാം ലോകത്തിൽ ജീവിക്കുന്നെങ്കിലും ലൗകീകരല്ല.
(1യോഹ.2:15-17, ഗല.6:14,1പത്രോ.1:2) ലൗകീകർ യോഗ്യമായും
ആദരണീയമായും കരുതുന്ന പലതും വിശുദ്ധന്മാർ
ദൈവവചനപ്രകാരം വേർപാട് പാലിക്കേണ്ടവിഷയങ്ങളാണ് (റോമ.12:1,2)
ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല. (എബ്രാ.12:14). നാം അവിശ്വാസികളുമായും നിരീശ്വരന്മാരുമായും യാതൊരു
ബന്ധവും പാടില്ല (2കൊരി. 6:14) അവരുമായി കൃഷി, കച്ചവടം
വിവാഹം ഇതൊക്കെ വർജിക്കേണ്ട കാര്യങ്ങളാണ്. സവിശേഷം
അവരോടു പറയാനല്ലാതെ അവന്റെ സഹവാസം തേടരുത്, അല്ലാതെ വന്നാൽ നമ്മുടെ വേർപാട് നഷ്ടമായി അവന്റെ പാപങ്ങൾക്ക് പങ്കാളികളാകുവാൻ ഇടയാകും.
Advertising:
2)പാപത്തിൽനിന്നും അശുദ്ധിയിൽനിന്നും
നാം രക്ഷിക്കപ്പെട്ടാലും നമ്മുടെ ജഡപ്രകൃതിയ്ക്ക് വ്യത്യാസമുണ്ടാകയില്ല നമ്മുടെ ജഡത്തിൽ നന്മവസിക്കുന്നില്ല. (റോമ.7:18,1യോഹ.1:8).ദുർന്നടപ്പ്,അശുദ്ധി, അത്യാഗ്രഹം, ചിത്തത്തരം, പൊട്ടച്ചൊല്ല്, കളിവാക്ക്,കോപം, ക്രോധം, ഈർഷ്യ, ദൂഷണം, ദുർഭാഷണം,
വ്യാജഭാവം ഇങ്ങനെ ദൈവജനങ്ങൾക്ക് ചേർച്ചയില്ലാത്തവയുമായി
നൈഷ്ടികവേർപാട് പാലിച്ചില്ലെങ്കിൽ ദൈവരാജ്യം അവകാശമാക്കുവാൻ സാധ്യമല്ല. (കൊലോ.3:5, കൊലോ.3:8-9, 1പത്രോ, 2:1)
ദൈവമക്കൾ ലഹരിവസ്തുക്കൾ ഒന്നും തന്നെ ഉപയോഗിപ്പാൻ പാടില്ല.അത് ദൈവമന്ദിരമായ നമ്മുടെ ശരീരത്തെ നശിപ്പിക്കുന്നതാണ്.

3)ദുരുപദേശാചാരങ്ങളിൽനിന്നും അസത്യാരാധനകളിൽനിന്നും. കർത്താവും അപ്പൊസ്തലന്മാരും ഉപദേശിച്ചതിനെതിരായി പഠിപ്പിക്കുന്നവർ ഉണ്ടാകും. അവരോട് എപ്പോഴും വേർപാട് പാലിച്ചുകൊള്ളണം. (ഗലാ.1:8,9,റോമ.16:17-18) ക്രമം കെട്ട് നടക്കുന്നവനോട് ഒന്നുരണ്ടുതവണ ബുദ്ധി പറഞ്ഞിട്ടും അവൻ നിർദ്ദേശങ്ങൾ നിരാകരിക്കുകയാണെങ്കിൽ അവനോടും വേർപാടു പാലിക്കണം.വിപരീതോപദേശികൾ,കള്ളപ്രവാചകന്മാർ ക്രിസ്തുനിഷേധികൾ ഇവർ നുഴഞ്ഞുകയറും. (യൂദ.4,തീത്തോസ്.8: 10,11,
അ.പ്പൊ.20:29,30), വിഗ്രഹാരാധന, മരിച്ചവരോടുള്ള
പ്രാർത്ഥന, പുണ്യവാളന്മാരോടും, കന്യകമറിയാമിനോടും ഉള്ള പ്രാർത്ഥന. മാനുഷിക പൗരോഹിത്യ മദ്ധ്യസ്ഥത, പാപമോചനത്തിനുള്ള നേർച്ചകളും,കർമ്മങ്ങളും ഇവയെല്ലാം പൈശാചിക ദൂരാചാരങ്ങളാണ്. ഒരു വിശുദ്ധൻ ഇവയോടെല്ലാം വേർപാട് പാലിക്കണം.
ഒരു ദൈവപൈതൽ അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും
അശുദ്ധിയലകപ്പെട്ടുപോയാൽ ദൈവത്തോട് ക്ഷമയാചിക്കുകയും
മേലിൽ അവ ചെയ്യില്ലെന്ന പ്രതിജ്ഞ ചെയ്യുകയും ദൈവവചനത്താലും ആത്മാവിനാലും ക്രിസ്തുവിന്റെ വിലയേറിയ രക്തത്താലും
കഴുകൽ (ശുദ്ധീകരണം) പ്രാപിച്ചുകൊള്ളുകയും വേണം. അല്ലെങ്കിൽ
ദൈവരാജ്യത്തിൽ പ്രവേശിക്കാൻ സാധ്യമല്ല.


വേർപാട് പാലിക്കുന്ന വിശ്വാസിക്ക് ആഭരണം ധരിക്കാമോ...? 

Advertising: