സമാഗമനകൂടാരം

Advertising:
മോശെയ്ക്ക് ദൈവം സീനായ് മലയിൽവെച്ച് കാണിച്ച മാതൃക പ്രകാരം പണികഴിപ്പിച്ച യിസ്രായേലിന്റെ ആരാധാകേന്ദ്രമായിരുന്നു സമാഗമനകൂടാരം.അനേക ആത്മീയ സത്യങ്ങളുടെ നിഴലായിരുന്ന ആ സ്ഥാപനത്തെക്കുറിച്ചാണ് ഇനിയും നാം പഠിക്കുന്നത്.
വിഷയത്തിന്റെ പ്രാധാന്യം :-ദൈവം യിസ്രായേലിനെ മിസ്രയീമിൽനിന്ന് വിടുവിച്ചത് അവർ തന്നെ ആരാധിക്കുന്നതിനുവേണ്ടിയായിരുന്നു.(പുറപ്പാട്.7:16) സമാഗമനകൂടാരത്തിൽകൂടി ദൈവം അവർക്ക് തന്നെ സമീപിക്കുന്നതിനും ആരാധിക്കുന്നതിനുമുള്ള വഴി തുറന്നു.മാത്രമല്ല ദൈവം അവരുടെ മദ്ധ്യേ വസിക്കുന്നതിന് തെരഞ്ഞെടുത്ത സ്ഥലവുമായിരുന്നു സമാഗമനകൂടാരം.സത്യത്തിലും ആത്മാവിലും തന്നെ ആരാധിക്കുന്നതിന് വിളിച്ച് വേർതിരിക്കട്ടിരിക്കുന്ന വിശ്വാസികൾ ഗ്രഹിക്കേണ്ട അനേക ആത്മീക കാര്യങ്ങൾ വെളിപ്പെടുത്തുന്നു ഒരു സ്ഥാപനം എന്ന നിലയിലും സമാഗമനകൂടാരവും അതിനെ സംബന്ധിക്കുന്ന പoനവും പ്രാധാന്യം അർഹിക്കുന്നു.
പേരിന്റെ അർത്ഥവും മറ്റു പേരുകളും
സമാഗമനകൂടാരം എന്നതിന് എതിരേല്പിൻകൂടാരം എന്ന് അർത്ഥമാക്കുന്നു. ''സാമാഗമനം'' എന്ന വാക്കിന് കൂടുക,കണ്ടുമുട്ടുക,എതിരേല്ക്കുക,എന്നിങ്ങനെ അർത്ഥം കല്പിക്കാം. ഒരു യിസ്രായേല്യൻ യഹോവയുടെ അടുക്കൽ വരണമെന്നാഗ്രഹിച്ചാൽ  അവൻ ഈ കൂടാരവാതിൽക്കലേക്ക് വരണം.(പുറപ്പാട്.25:21-22)
ഒരുവന് പിതാവായ ദൈവത്തെ സമീപിക്കുന്നതിനും ആരാധിക്കുന്നതിനും യേശുക്രിസ്തുവിൽ വരേണ്ടിയിരിക്കുന്നു.മനുഷ്യനും ദൈവവും തമ്മിൽ കണ്ടുമുട്ടുന്നത് ക്രിസ്തുവിൽ മാത്രമാണ് (യോഹന്നാൻ.14:6) സമാഗമനകൂടാരത്തിന് ദൈവവചനത്തിൽ ഉപയോഗിച്ചിരിക്കുന്ന മറ്റു പേരുകൾ ഏവ എന്ന് നോക്കാം.
_1.സമാഗമനകൂടാരം_ (പുറപ്പാട്.29:42)
_2.കൂടാരം_ (പുറപ്പാട്.26:9)
_3.യഹോവയുടെ കൂടാരം_ (1 രാജാക്കന്മാർ.2:28)
_4.കൂടാരനിവാസമായ യഹോവാലയം_ (1 ദിനവൃത്താന്തം 9:23)
_5.യഹോവയുടെ ആലയം_ (പുറപ്പാട്.23:19)
പരസ്പരം ബന്ധപ്പെട്ട ഈ പേരുകൾ എല്ലാം അത് ദൈവം വസിക്കുന്ന സ്ഥലമാണെന്നും മനുഷ്യന് അതിൽക്കുടി ദൈവത്തെ സമീപിക്കാമെന്നും വെളിപ്പെടുത്തുന്നു.
ബാഹ്യവിവരണം:-സമാഗമനകൂടാരത്തിന്  100  മുഴം (150 അടി) നീളവും, 50 മുഴം (75 അടി) വീതിയും ഉണ്ട്. വെടിപ്പുള്ള സ്ഥലത്ത് ഇത് സ്ഥാപിക്കുന്നു. പ്രകാരം, വിശുദ്ധസ്ഥലം, അതിവിശുദ്ധസ്ഥലം എന്നിങ്ങനെ സമാഗമനകൂടാരത്തെ തിരിച്ചിരിക്കുന്നു. ഇതിൽ പടിഞ്ഞാറെ അറ്റത്ത് മദ്ധ്യഭാഗത്ത് കിഴക്കോട്ട് ദർശനമായി വിശുദ്ധസ്ഥലവും, അതിവിശുദ്ധ സ്ഥലവുമുൾപ്പെടെ കൂടാരം സ്ഥിതി ചെയ്യുന്നു. കൂടാരം ഒഴികെയുള്ള തുറസ്സായ സ്ഥലത്തിന് (മുറ്റത്തിന്) പ്രകാരം എന്ന് പറയുന്നു. യാഗപീഠവും, താമ്രതൊട്ടിയും പ്രകാരത്തിലായിരുന്നു.കൂടാരത്തിന് 30 മുഴം (45 അടി) നീളവും,10 മുഴം (15അടി) വീതിയും,10 മുഴം ഉയരവുമാണുള്ളത്. ഇതിന്റെ കിഴക്ക്
(ദർശന) വശത്ത് നീലനൂൽ, ധൂമനൂൽ, ചുവപ്പുനൂൽ, പിരിച്ച വെള്ളപഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രപ്പണിയായ മറശ്ശീല ഉണ്ടായിരുന്നു.
മറ്റ് മൂന്ന് വശങ്ങൾ ഖദിരമരപലകകളാൽ മറയ്ക്കപ്പെട്ടിരുന്നു. ഈ
കൂടാരത്തിന്റെ പടിഞ്ഞാറെ അറ്റത്തുള്ള ഭാഗത്തിന് അതിവിശുദ്ധി
സ്ഥലമെന്നും രണ്ടാമത്തേതിന് വിശുദ്ധസ്ഥലം എന്നും പേർ. ഇവയെ
തമ്മിൽ വേർപിരിക്കുന്നതിന് നീലനൂൽ, ചുവപ്പുനൂൽ, ധൂമ്രനൂൽ,
പിരിച്ചപഞ്ഞിനൂൽ എന്നിവകൊണ്ട് നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി ഉണ്ടാക്കിയ തിരശ്ശീല ഉണ്ടായിരുന്നു.
അതിവിശുദ്ധസ്ഥലത്തിന് 10 മുഴം നീളവും,10 മുഴം വീതിയും,10 മുഴം
ഉയരവും ഉണ്ട്. അതിൽ മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകംവും, അതിനകത്ത് മന്നഇട്ടുവെച്ച പൊൻപാതവും,അഹരോന്റെ
തളിർത്ത വടിയും,നിയമത്തിന്റെ കല്പലകകളും അതിന്മീതെ കൃപസനവും കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. നിലവിളക്ക്,മേശയും, കാഴ്ചയപ്പവും, ധൂപപീOo എന്നിവയായിരുന്നു വിശുദ്ധ സ്ഥലത്ത് വെയ്ക്കപ്പെട്ടിരുന്നത് .വിശുദ്ധസ്ഥലത്തിന്റെ  അളവുകൾ 20 മുഴം നീളം,10 മുഴം വീതി, 10 മുഴം ഉയരം ഇങ്ങനെയായിരുന്നു.
പ്രാകാരത്തിന്റെ  മറശ്ശീലകൾ (പുറപ്പാട്. 27:9-19)
പ്രാകാരത്തിന്റെ ദർശനവശത്തുള്ള 20 മുഴം വീതിയിലുളള വാതിലിന്റെ ഭാഗം ഒഴിച്ച് എല്ലാ വശങ്ങളും പിരിച്ച പഞ്ഞിനൂൽ (വെള്ളനിറമുള്ളത്) കൊണ്ടുള്ള ശീലകളാൽ മറയ്ക്കപ്പെട്ടിരുന്നു. തെക്കും
വടക്കും വശങ്ങളിൽ ഖദിരമരംകൊണ്ട് ഉണ്ടാക്കിയതും താമ്രചുവടിന്മേൽ ഉറപ്പിച്ചതുമായ 20 തൂണുകൾ വീതം നാട്ടി 100 മുഴം നീളവും 5
മുഴം വീതിയുമുള്ള ഓരോ ശീല തൂക്കിയിരുന്നു. പടിഞ്ഞാറുവശത്ത്
10 തൂണുകളിന്മേൽ 50 മുഴം നീളവും 5 മുഴം വീതിയുമുള്ള ശീല ഘടിപ്പിച്ചിരുന്നു. കൂടാരത്തിന്റെ ദർശനവശമായ കിഴക്ക് മദ്ധ്യത്തിലായി
20 മുഴം വാതിലിനായി വേർതിരിച്ചശേഷം ഇരുവശത്തും മുമ്മൂന്നു തൂണുകളിന്മേൽ 15 മുഴം നീളവും, 5 മുഴം വീതിയുമുള്ള വെള്ള മറശ്ശീല തൂക്കിയിരുന്നു. 20 മുഴം വീതിയുള്ള വാതിൽ ഭാഗത്ത് നാലു
തുണുകളിന്മേൽ നീലനൂൽ, ധൂമനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവയാൽ 20 മുഴം നീളത്തിലും 5 മുഴം വീതിയിലും ചിത്രത്തയ്യൽ പണിയായി ഉണ്ടാക്കിയ വാതിൽ മറ തൂക്കിയിരുന്നു.
സമാഗമനകൂടാരം മറക്കുന്ന  പലകകൾ
തിരുനിവാസത്തെ (കൂടാരത്ത) മറയ്ക്കുന്നതിന് തെക്കും,വടക്കും
വശങ്ങളിൽ 20 വീതവും പടിഞ്ഞാറ് ആറും, രണ്ടു മൂലകളിൽ ഓരോ
ന്നും, എന്നിങ്ങനെ 48 പലകകൾ ഉണ്ടായിരുന്നു. ഓരോ പലകയ്ക്കും
ഈരണ്ടു കുടുമ്മകളും, വെള്ളിച്ചുവടുകളും ഉണ്ടായിരുന്നു. പലകകൾ
പൊന്നുകൊണ്ട് പൊതിഞ്ഞിരുന്നു. പലകകൾ അന്യോന്യം യോജിച്ച്
വിടവു കൂടാതെ നിൽക്കേണ്ടതിന് ഖദിരമരം കൊണ്ടുള്ളതും പൊന്ന്
പൊതിഞ്ഞതുമായ 5 നില അന്താഴങ്ങൾ പലകകളിലെ പൊൻ വളയങ്ങളിൽ ചെലുത്തിയിരുന്നു. മദ്ധ്യത്തിലുള്ള അന്താഴം പലകനിരയുടെ
ഒരറ്റം മുതൽ മറ്റേ അറ്റം വരെ എത്തുന്നതും, മറ്റ് നാല് അന്താഴങ്ങൾ
അടുത്തടുത്തു നിൽക്കുന്ന ഈരണ്ടു പലകകളെ മാത്രം ബന്ധിപ്പിക്കുന്നതുമായിരുന്നു.
കൂടാരത്തിന്റെ പണിയ്ക്ക് ഉപയോഗിച്ച വസ്തുക്കൾ
തിരുനിവാസത്തിന്റെ പണിക്കാവശ്യമായ വസ്തുക്കൾ യിസ്രായേൽജനം സ്വമേധാദാനമായി കൊണ്ടുവരണമെന്ന് ദൈവം കല്പിച്ചു.(പുറപ്പാട്.25: 3-7) ദൈവത്തിന്റെ വേല അഥവാ സഭയുടെ കെട്ടുപണി ദൈവജനം ചെലവുചെയ്തും അദ്ധ്വാനിച്ചും നടത്തണമെന്നുള്ള ദൈവിക പ്ലാൻ ഇവിടെ വ്യക്തമാക്കിയിരിക്കുന്നു.കൂടാരപ്പണിക്ക് ഉപയോഗിച്ച വസ്തുക്കളെ, ധാതുലോകത്തിൽ നിന്നുള്ളവ (സ്വർണ്ണം,വെള്ളി,രത്നങ്ങൾ) സസ്യ ലോകത്തിൽ നിന്നുള്ളവ (മരം,ചണം,സുഗന്ധദ്രവ്യങ്ങൾ)ജന്തുലോകത്തിൽ നിന്നുള്ളവ (തോൽ,രോമം) എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ഇവ ഓരോന്നും ക്രിസ്തുവിന്റെ മഹത്വത്തിന്റെയും താൻ മുഖാന്തരം നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങളുടെയും വിവിധ വശങ്ങളെ ചൂണ്ടിക്കാണിക്കുന്നു.
_💎പൊന്ന്  -   ക്രിസ്തുവിന്റെ ദൈവത്വം_
_💎താമ്രം  -   ന്യായവിധി_
_💎വെള്ളി  - വീണ്ടെടുപ്പ്_
_💎നീലനൂൽ  - സ്വർഗ്ഗീയ ദൈവകൃപ_
_💎ധൂമ്രനൂൽ   -  ക്രിസ്തുവിന്റെ രാജത്വം_
_💎ചുവപ്പുനൂൽ  -  ക്രിസ്തുവിന്റെ രക്തത്താലുള്ള വിമോചനം_
_💎ഖദിരമരം  -  മനുഷ്യത്വം_
_💎എണ്ണ (തൈലം)  - പരിശുദ്ധാത്മാവ്_
_💎പഞ്ഞിനൂൽ - വിശുദ്ധി_
കൂടാരപ്പണിയ്ക്ക് ഉപയോഗിച്ച വസ്തുക്കളുടെ വില കണക്കാക്കാൻ
കഴിവില്ലാത്തവണ്ണം വളരെയായിരുന്നു. നമ്മുടെ കർത്താവ് തന്റെ സഭയാം ആലയം പണിയുന്നതിന് തന്നെത്തന്നെയും തനിക്കുള്ള സകലമഹത്വത്തെയും ചെലവിട്ടു. കർത്തൃസേവയ്ക്കായി നമ്മെയും നമുക്കുള്ളതിനെയും സമ്പൂർണ്ണമായി സമർപ്പിക്കാം.സമാഗമനകൂടാരത്തിന്റെ സംവിധാനം എത്ര ശ്രഷ്ഠവും അത്ഭുതകരവുമായിരുന്നു എന്നു ചിന്തിക്കുക. നമ്മുടെ വീണ്ടെടുപ്പിനും
സഭയാം ആലയത്തിന്റെ കെട്ടുപണിക്കും വേണ്ടിയുള്ള ദൈവികപ്ലാൻ
എത്ര മഹത്വസമ്പൂർണ്ണമാണെന്നോർത്ത് കർത്താവിനെ സ്തുതിക്കാം.
1.സമാഗമനകൂടാരം യേശുക്രിസ്തുവിന് സാദൃശ്യം:-
തിരുവെഴുത്തിലെ മറ്റെല്ലാ പ്രതിരൂപങ്ങളാലും എന്നപോലെ,സമാഗമനകൂടാരം മുഖാന്തരവും ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിനെ വെളിപ്പെടുത്തുന്നു.
സമാഗമനകൂടാരം ദൈവവും മനുഷ്യനും പരസ്പരം കണ്ടുമുട്ടുന്ന സ്ഥലമായിരുന്നു. ക്രിസ്തുയേശുവിൽ കൂടി മാത്രമാണ് ദൈവവും മനുഷ്യനും പരസ്പരം സമീപിക്കുന്നതും ബന്ധപ്പെടുന്നതും. ''ഞാൻ തന്നെ വഴിയും,സത്യവും,ജീവനുമാകുന്നു.ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.'' (യോഹന്നാൻ. 14:6) എന്ന് യേശു പറഞ്ഞു. സമാഗമനകൂടാരത്തിൽ ദൈവം എഴുന്നെള്ളി വസിച്ചതുപോലെ, യേശുക്രിസ്തുവിലും ദൈവം വസിച്ചു. ''അവനിലല്ലോ ദൈവത്തിന്റെ സകലസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നത്.(കൊലോസ്യർ.2:9)'' യേശുവിന്റെ ശരീരമാകുന്ന കൂടാരത്തിൽ (മന്ദിരത്തിൽ) ദൈവ തേജസ്സ് ദർശിക്കുവാൻ തന്നെ സമീപിച്ചവർക്കെല്ലാം കഴിഞ്ഞു.(2 പത്രൊസ്.1:16-17).
കൂടാരം ദൈവത്തിന്റെ പ്ലാനിൽ പർവ്വതത്തിൽവച്ച് കാണിച്ച മാതൃകപ്രകാരം നിർമ്മിക്കപ്പെട്ടു.യേശുക്രിസ്തുവിന്റെ അക്ഷരീകശരീരമാകുന്ന കൂടാരത്തിന്റെ നിർമ്മിതി യുഗങ്ങൾക്കു മുമ്പേയുള്ള ദൈവിക പ്ലാൻ അനുസരിച്ച് പരിശുദ്ധാത്മാവിന്റെ അത്ഭുതവ്യാപാരത്താൽ ആയിരുന്നു.(ലൂക്കോസ്.1:35,യെശയ്യാവ്.7:14,9:6)
സമാഗമനകൂടാരം പുറമെ യാതൊരു ഭംഗിയും ഇല്ലാത്തതായിരുന്നെങ്കിലും അതിന്റെ ഉൾഭാഗം മനോഹരവും ദൈവതേജസ്സിനാൽ നിറയപ്പെട്ടതുമായിരുന്നു.(പുറപ്പാട്.40:34) യേശുക്രിസ്തുവിന് ബാഹുമായ കോമളത്വമോ സൗന്ദര്യമോ ഇല്ലായിരുന്നെങ്കിലും നന്നിൽ ഉണ്ടായിരുന്ന ആന്തരികമായ സൗന്ദര്യവും,തേജസ്സും, അത്ഭുതകരമായിരുന്നു.(യെശയ്യാവ്.53:2-3) 3.സമാഗമനകൂടാരം ഓരോ വിശ്വാസിക്കും സാദൃശ്യമാകുന്നു
വിശ്വാസികൾ ദൈവത്തിന് മന്ദിരമാണ് (1 കൊരിന്ത്യർ 3:16-17,6:19). സമാഗമനകൂടാരത്തിന് പ്രകാരം,വിശുദ്ധസ്ഥലം, അതിവിശുദ്ധസ്ഥലം എന്നിങ്ങനെ മൂന്ന്വിഭാഗങ്ങൾ ഉള്ളതുപോലെ ഓരോരുത്തർക്കും ദേഹം,ദേഹി (പ്രാണൻ),ആത്മാവ് എന്നിങ്ങനെ മൂന്നുഘടകങ്ങൾ ഉണ്ട് (1 തെസ്സലോനിക്കർ.5:23) കൂടാരത്തിന്റെ അതിവിശുദ്ധ സ്ഥലത്ത് കൃപാസനത്തിൽ  ദൈവതേജസ്സ് അധിവസിച്ചിരുന്നു. അതുപോലെ ഒരു വിശ്വാസിയുടെ  അന്തരാത്മാവിൽ (അകത്തെ മനുഷ്യനിൽ) ദൈവത്തിന്റെ സിംഹാസനം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കൂടാരത്തിൽ ദൈവം എഴുന്നെള്ളി വസിച്ചതുപോലെ വിശ്വാസികളിലും ദൈവം അധിവസിക്കുന്നു. മാത്രമല്ല ആരാധനയിൽ കൂടാരത്തിലെ മൂന്നു ഭാഗങ്ങൾ ബന്ധപ്പെട്ടിരിക്കുന്നതുപോലെ നമ്മുടെ ആത്മാവും,പ്രാണനും,ശരീരവും ആരാധനയിൽ പങ്കെടുക്കുകയും ചെയ്യുന്നു. കുടാരം വിശുദ്ധമായിരിക്കണമെന്ന് കല്പിക്കപ്പെട്ടിരിക്കുന്നു. അതുപോലെ വിശ്വാസികൾ എല്ലാ അവസ്ഥയിലും വിശുദ്ധരായിക്കണം.
സമാഗമനകൂടാരം സഭയ്ക്ക് സാദൃശ്യം :- ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ, ഇന്ന് ലോകത്തിലുള്ള ദൈവത്തിന്റെ തിരുനിവാസമായ  വിശുദ്ധ മന്ദിരമാകുന്നു.(മത്തായി.18:20, 1 കൊരിന്ത്യർ.6:19,2 കൊരിന്ത്യർ.6:16,എബ്രായർ.8:9,9:9, 1 പത്രോസ്. 2:5-6,എഫെസ്യർ.2:21-22) എന്നീ ഭാഗങ്ങലെല്ലാം മേൽപറഞ്ഞ സത്യം വ്യക്തമായി കാണാം. ദൈവം മനുഷ്യനിർമ്മിതമായ കെട്ടിടങ്ങളിൽ അഥവാ ആലയങ്ങളിൽ വസിക്കുന്നില്ല
(അപ്പോസ്തല. പ്രവർത്തി.7:48,17:24). പ്രത്യുത സഭയാകുന്ന ആലയത്തിൽ വസിക്കുന്നത്. ഈ ആലയത്തിന്റെ മൂലക്കല്ല് ക്രിസ്തു ആകുന്നു. യേശുക്രിസ്തുവിന്റെ അടുക്കൽ വന്ന് ജീവൻപ്രാപിക്കുന്ന വിശ്വാസികളെ ചേർത്ത് ആലയത്തിന്റെ പണി പരിശുദ്ധാത്മാവ് നടത്തിക്കൊണ്ടിരിക്കുന്നു. കൂടാരത്തിന് പണിക്ക് ദൈവാത്മാവ് നിറഞ്ഞ ആളുകളെ തെരഞ്ഞെടുത്തു തുപോലെ ഇന്നും സഭയുടെ കെട്ടുപണി പരിശുദ്ധാത്മാനിറവുള്ള കർത്ത്യദാസന്മാർ മുഖാന്തരം പുരോഗമിക്കുന്നു.
മറയ്ക്കുന്ന പലകകൾ
വെള്ളിച്ചുവട്ടിന്മേൽ നിർത്തിയിരിക്കുന്ന  ഖദിരമരപലകകൾ പുതിയനിയമ വിശ്വാസികളെ കാണിക്കുന്നു.മുമ്പേ ദൂരസ്ഥരും അയോഗ്യരുമായ നമ്മെ തിരുനിവാസത്തിന്റെ (സഭയാം ആലയത്തിന്റെ) ഭാഗങ്ങളായി തീർത്ത ദൈവകൃപ എത്ര മനോഹരം. എല്ലാ പകലകകളെയും ഒരറ്റം മുതൽ മറ്റേ അറ്റംവരെ ബന്ധിപ്പിക്കുന്ന അന്താഴം ആത്മാവിന്റെ ഐക്യതയെ കുറിക്കുന്നു.(എഫെസ്യർ.4:3) പരിശുദ്ധാത്മാവിൽക്കുടി എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുള്ള ദൈവജനത്തെ ഒന്നാക്കി ചേർത്തു നിർത്തുന്നു.മറ്റ് നാലുവരി അന്താഴങ്ങൾ പരിശുദ്ധാത്മാവിൽക്കൂടി ദൈവം സഭയ്ക്ക് നൽകിയിരിക്കുന്ന നാലുതരം ശുശ്രൂഷകരെ കാണിക്കുന്നു (എഫെസ്യർ.4:11)
💎അപ്പൊസ്തലന്മാർ
Advertising:
💎പ്രവാചകന്മാർ,
💎സുവിശേഷകന്മാർ
💎ഇടയന്മാർ (ഉപദേഷ്ടാക്കന്മാർ)
എന്നിങ്ങനെ നാലുവിധത്തിലുള്ള ശുശ്രൂഷകന്മാരാണ് സഭയിലുള്ളത്.ഇവർ അതാതു സഭകളിലുള്ള വിശ്വാസികളെ ഐക്യതയിൽ പരിപാലിക്കുന്നു.
യിസ്രായേലിന്റെ മദ്ധ്യേ സമാഗമനകൂടാരത്തിന്റെ സ്ഥാനം :-
30 ലക്ഷത്തിൽപരം യിസ്രായേൽ മക്കൾ പാളയംമടിച്ചു കിടന്നതിന്റെ നടുവിലായിരുന്നു സമാഗമനകൂടാരത്തിന്റെ സ്ഥാനം. പ്രാകാരത്തിനു വെളിയിൽ നാലു വശത്തുമായി ലേവിഗോത്രം പാളയമടിച്ചിരുന്നു. കിഴക്ക് മോശെയും അഹരോനും,വടക്ക് മെരാര്യർ,തെക്ക് കെഹാത്യർ,പടിഞ്ഞാറ് ഗെർശോന്യർ എന്നിങ്ങനെയാണ് അവർ പാളയമടിച്ചിരുന്നത്.ലേവ്യപാളയത്തിന് ചുറ്റിലുമായി യിസ്രായേൽ ഗോത്രങ്ങൾ പന്ത്രണ്ടും ഓരോ വശത്ത് മൂന്നുവീതം പാളയമടിച്ചു. ക്രിസ്തു നമ്മുടെ കുടുംബങ്ങളുടെയും, വ്യക്തിജീവിതങ്ങളുടെയും കേന്ദ്രത്തിൽ ഉണ്ടോ.?
Advertising: